
ബെംഗളൂരു: ബൈക്ക് ടാക്സി ഡ്രൈവറുടെ ഫോൺ എറിഞ്ഞുടച്ച് ഓട്ടോ ഡ്രൈവർ. ബെംഗളൂരു ഇന്ദിരാനഗർ മെട്രോ സ്റ്റേഷന് സമീപത്താണ് ബൈക്ക് ടാക്സിക്കാരനെ തടഞ്ഞുനിർത്തി ഓട്ടോ ഡ്രൈവറുടെ അതിക്രമം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുകയായിരുന്നു. ബഹളം വെച്ചതിന് ശേഷം ഫോൺ നിലത്തെറിഞ്ഞു പൊട്ടിക്കുന്നതും വീഡിയോയിൽ കാണാം.
സുഹൃത്തുക്കളേ എങ്ങനെയാണ് നിയമവിരുദ്ധമായ ഇത്തരം ബിസിനസ് മാർഗങ്ങൾ നടക്കുന്നതെന്ന് നോക്കൂ. മറ്റൊരു രാജ്യത്തു നിന്ന് വന്ന് ഇവിടെ രാജാവിനെപ്പോലെ ഡ്രൈവിങ് നടത്തുകയാണ് ചിലർ. ഓട്ടോ മേഖല തകരുന്നതും വളരെ മോശപ്പെട്ട സാഹചര്യത്തിൽ എത്തുന്നതും എങ്ങനെയെന്ന് മനസ്സിലാക്കണമെന്നും ഇയാൾ പറയുന്നുണ്ട്. തുടർന്നാണ് ബൈക്ക് ടാക്സിക്കാരന്റെ ഫോൺ വാങ്ങി നിലത്തെറിഞ്ഞു പൊട്ടിക്കുന്നത്. എന്നാൽ ബൈക്ക് ടാക്സിക്കാരൻ യാതൊന്നും പ്രതികരിക്കുന്നതായി കാണുന്നില്ല.
അതേസമയം, സംഭവത്തിൽ ബൈക്ക് ടാക്സിക്കാരൻ ഇതുവരേയും പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. വീഡിയോ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ശക്തമായ നടപടി കൈകൊള്ളുമെന്നും സിറ്റി പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം, ചേര്‍ത്തലയില്‍ ബൈക്ക് മോഷ്ടാവായ യുവാവിനെ പൊലീസ് പിടികൂടി. തോപ്പുംപടി സ്വദേശി അഭിലാഷ് ആന്റണി (26 ) ആണ് പിടിയിലായത്. ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി വാഹനം മോഷണക്കേസിൽ പ്രതിയാണെന്നാണ് സൂചന.
ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് സ്വദേശിയായ മിഥുന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ആണ് ഇയാൾ മോഷ്ടിച്ചത്. എരമല്ലൂർ വാടകയ്ക്ക് താമസിച്ച് മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങി നടക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാവുന്നത്. ചേർത്തലസി. ഐ. വിനോദ് കുമാർ എസ് ഐ മാരായ ആന്റണി, ബസന്ത്, റെജു, സിപിഒ മാരായ അരുൺ, ഗിരീഷ്, ബിനീഷ്, കിഷോർ ചന്ദ്, പ്രകാശ് കൃഷ്ണ, സന്തോഷ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.