കെജ്‍രിവാളിനെയും കവിതയെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും, മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന ബിജെപി

By Web TeamFirst Published Mar 24, 2024, 7:06 AM IST
Highlights

അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് കേ‍ജ്‌രിവാൾ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹര്‍ജി ബുധനാഴ്ചയാണ് പരിഗണിക്കുകയുള്ളു. ഇന്നലെ രാത്രി കെജ്‍രിവാളിനെ ഭാര്യ സുനിത ഇഡി ഓഫിസിലെത്തി സന്ദര്‍ശിച്ചിരുന്നു.

ദില്ലി : മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിൻ്റെ ചോദ്യം ചെയ്യൽ തുടരുന്നു. കസ്റ്റഡിൽ കഴിയുന്ന ബിആർ എസ് നേതാവ്  കെ കവിതയെയും കെജ്‌‍രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് കേ‍ജ്‌രിവാൾ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹര്‍ജി ബുധനാഴ്ചയാണ് പരിഗണിക്കുകയുള്ളു. ഇന്നലെ രാത്രി കെജ്‍രിവാളിനെ ഭാര്യ സുനിത ഇഡി ഓഫിസിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഇതിനിടെ പഞ്ചാബ് മദ്യ നയ അഴിമതിയിൽ എഎപി മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെടുകയാണ് ബിജെപി. പഞ്ചാബ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയിൽ എടുക്കാനായി സിബിഐ കോടതിയിൽ ഉടൻ അപേക്ഷ നൽകും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ സിബിഐ ആരംഭിച്ചതായാണ് സൂചന. 

മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി, പഞ്ചാബ് മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് നീക്കം 

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി. അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലിൽ നിന്ന് സർക്കാരിനെ ചലിപ്പിക്കാനാവില്ലെന്നും ആവർത്തിക്കുകയാണ് ബിജെപി. എന്നാൽ കെജ്രിവാൾ ജയിലിൽ നിന്ന് തന്നെ ദില്ലി ഭരിക്കുമെന്നും അദ്ദേഹത്തിന് പകരം മറ്റൊരാൾ പാർട്ടിയിലില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.സുനിത കെജരിവാൾ നേതൃനിരയിലേക്ക് വരണോയെന്ന് അരവിന്ദ് കെജരിവാൾ തീരുമാനിക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തീർച്ചയായും സുനിത നേതൃത്വത്തിലെത്തിയിരിക്കുമെന്നും മന്ത്രി സൗരവ് ഭരദ്വാജും പ്രതികരിച്ചു. 

click me!