
ദില്ലി : നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക. രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്.
46 സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ നാലാം പട്ടികയിലുളളത്. വാരാണസിയിൽ മോദിക്കെതിരെ, യുപി പിസിസി അധ്യക്ഷന്‍ അജയ് റായി സ്ഥാനാര്‍ത്ഥിയാകും. അംറോഹയിൽ പ്രാദേശിക ഘടകത്തിന്‍റെ പ്രതിഷേധം തള്ളി ബിഎസ്പിയിൽ നിന്നും കോൺഗ്രസിലെത്തിയ ഡാനിഷ് അലിക്ക് വീണ്ടും സീറ്റ് നല്‍കി. അംരോഹയിലെ സിറ്റിംഗ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയില്‍ പരാജയമാണെന്നും അതിനാല്‍ സീറ്റ് നല്‍കരുതെന്നുമാണ് അംരോഹയില്‍ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് നേതൃത്വം തളളി.
മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്ന് ജനവിധി തേടും. തമിഴ്നാട്ടിലെ ഏഴ് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരവും കന്യാകുമാരിയിൽ വിജയ് വസന്തും സ്ഥാനാര്‍ത്ഥികളാകും. 4 ഘട്ടങ്ങളിലായി കോൺഗ്രസ് ഇതുവരെ 185 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. 18 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam