
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ അധികാരപ്പോര് കടുക്കുന്നു. ഇപിഎസിന്‍റേയും ഒപിഎസിൻ്റേയും വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കരുനീക്കങ്ങൾ ആറ് ദിവസമായി തുടരുകയാണ്. ഇരട്ട നേതൃത്വം അവസാനിപ്പിച്ച് പാർട്ടി പിടിച്ചടക്കാനുള്ള പടയൊരുക്കത്തിലാണ് എടപ്പാടി പളനിസാമി. അവസാനവട്ട അനുനയ നീക്കവും പാളിയതോടെ പനീർശെൽവം പാർട്ടി പിളർത്തിയേക്കും എന്ന അഭ്യൂഹവും ശക്തമാണ്.
ഇരുപാർട്ടികൾ പോലെ ചേരി തിരിഞ്ഞ് ഇപിഎസ്സും ഒപിഎസ്സും, പാർട്ടി ഓഫീസിനായി തമ്മിൽത്തല്ല്!
ഇപിഎസിൻ്റേയും ഒപിഎസിൻ്റേയും അധികാരപ്പോരിൽ പുകയുകയാണ് അണ്ണാ ഡിഎംകെ രാഷ്ട്രീയം. മന്ദവേലി ഗ്രീൻ വേയ്സ് റോഡിലെ വിഐപി സ്ട്രീറ്റിൽ ഒരു കിലോമീറ്റർ മാത്രം അകലത്തിലുള്ള ഇരു നേതാക്കളുടേയും വീടുകളാണ് വിഭാഗീയ പ്രവർത്തനത്തിന്‍റെ കേന്ദ്രങ്ങൾ. മുൻനിര നേതാക്കളുടെ കാറുകൾ ഇടയ്ക്കിടെ ഗേറ്റുകടന്ന് ഉള്ളിലേക്കും പുറത്തേക്കും പോകും. ചെറുകിട നേതാക്കളും പ്രവർത്തകരും ഗേറ്റുകൾക്ക് പുറത്ത് തമ്പടിച്ചിരിക്കുന്നു, ഒപ്പം മാധ്യമപ്പടയും. ആറ് ദിവസമായി ആൾക്കൂട്ടം തുടരുന്നതോടെ കപ്പലണ്ടിയും ചെറുകടിയും ചായയും ഒക്കെയായി വഴിവാണിഭക്കാരും സജീവം.ഇടയ്ക്കിടെ പുഷ്പമാലകളും ബൊക്കെകളുമായി ചെറു പ്രകടനങ്ങൾ വരും. ഇത് എടപ്പാടിയുടെ വീട്ടിലേക്കാണ്.
കഴിഞ്ഞ ദിവസം ഇങ്ങനെയൊരു പ്രകടനം നയിച്ചെത്തിയ പനീർ ശെൽവം പക്ഷക്കാർ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ എടപ്പാടി പക്ഷക്കാരനെ വളഞ്ഞിട്ടു തല്ലിയിരുന്നു. ഇതേത്തുടർന്ന് ഇവിടെ സുരക്ഷ ശക്തമാക്കി. അനിശ്ചിതത്വത്തിന്റെ ആറാം ദിവസത്തിൽ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് വിജനമാണ്. ബഹുഭൂരിപക്ഷം ജില്ലാ നേതൃത്വങ്ങളും പളനിസാമിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മറ്റന്നാൾ നടക്കാനിരിക്കുന്ന പാർട്ടിയുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിൽ തടയാനുള്ള ശ്രമത്തിലാണ് പനീർശെൽവം. എന്തുവന്നാലും യോഗം നടത്താനുറച്ച് പളസാമിയും മുന്നോട്ടുപോകുന്നു.
എഐഎഡിഎംകെയിൽ കലഹം രൂക്ഷം: പാർട്ടി പിടിക്കാൻ എടപ്പാടിയും ഒപിഎസും നേർക്കുനേർ പോരാട്ടം
ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമമുണ്ടെന്നും സംരക്ഷണം വേണമെന്നും കാട്ടി ഒപിഎസ് പക്ഷം ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇനി ജനറൽ കൗൺസിൽ നടന്നാലും ഒറ്റ നേതൃത്വം സംബന്ധിച്ച ചർച്ച തടയാനുള്ള പ്ലാൻ ബിയും പനീർശെൽവം ക്യാമ്പ് തയ്യാറാക്കുന്നുണ്ടെന്നാണ് വിവരം. ശശികല അനുയായികളുമായി ഇന്നലെ ചർച്ച നടത്തിയതോടെ പനീർശെൽവം പാർട്ടി പിളർത്തിയേക്കും എന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. അണികൾ ബദ്ധവൈരികളെന്നോണം തെരുവിൽ പോർവിളിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന ഇങ്ങനെയൊരു അസാധാരണ സാഹചര്യം അടുത്ത കാലത്തൊന്നും അണ്ണാ ഡിഎംകെയിൽ ഉണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam