
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധത്തിനെത്തിയ ബിജെപി എംഎൽഎയ്ക്ക് നേരേ മുട്ടയേറ്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി(കെപിസിസി) ഓഫീസിന് മുന്നിൽ ബിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ എംഎൽഎ ബി പി ഹരീഷിന് നേരേയാണ് കോൺഗ്രസ് പ്രവർത്തകർ മുട്ടയെറിഞ്ഞത്. അതേസമയം, മുട്ടയെറിഞ്ഞത് മാത്രമല്ല, കോൺഗ്രസ് പ്രവർത്തകർ തന്നെ മർദിച്ചതായും ഹരീഷ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിൽ കഴിഞ്ഞദിവസം കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ചാണ് ബിജെപി ബെംഗളൂരുവിൽ മാർച്ച് സംഘടിപ്പിച്ചത്. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ക്യൂൻസ് റോഡിലെ കെപിസിസി ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. എന്നാൽ, എംഎൽഎ ബി പി ഹരീഷ് മാർച്ചിന് എത്താൻ വൈകി. തുടർന്ന് ക്യൂൻസ് റോഡിന്റെ മറുവശത്ത് കൂടിയാണ് അദ്ദേഹം കെപിസിസി ആസ്ഥാനത്തിന് സമീപമെത്തിയത്. ഈ സമയം പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റു ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. എന്നാൽ, ഹരീഷ് ഇവിടെ ഒറ്റപ്പെട്ടു. ഇതിനിടെയാണ് ബിജെപി എംഎൽഎയ്ക്ക് നേരേ മുട്ടയേറുണ്ടായത്. തുടർന്ന് എംഎൽഎ സമീപത്തെ ഒരു കെട്ടിടത്തിൽ അഭയം പ്രാപിക്കുകയും പിന്നാലെ പൊലീസെത്തി അദ്ദേഹത്തെ സുരക്ഷിതമായി സ്ഥലത്തുനിന്ന് മാറ്റുകയുമായിരുന്നു.
ഗുണ്ടാത്തലവനായ കോട്വോൾ രാമചന്ദ്ര ഗ്യാങ്ങിന്റെ അംഗങ്ങളാണ് കോൺഗ്രസ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് എംഎൽഎയ്ക്ക് നേരേയുണ്ടായ ആക്രമണമെന്നും ബിജെപി നേതാവ് അശോക ആരോപിച്ചു. മുഖ്യമന്ത്രി ഡി കെ ശിവകുമാറും കെപിസിസി പ്രസിഡന്റ് ബി കെ ഹരിപ്രസാദും ഗുണ്ടാത്തലവനുമായുള്ള ബന്ധം സമ്മതിച്ചിട്ടുണ്ടെന്നും നിലവിൽ കർണാടക ഭരിക്കുന്നത് ഗുണ്ടാസംഘമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബിജെപിക്കാർ കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോൾ അതിന്റെ പ്രതികരണമാണ് ഉണ്ടായതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് ബി കെ ഹരിപ്രസാദിന്റെ പ്രതികരണം. കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി ഓഫീസ് ക്ഷേത്രമാണ്. ബിജെപിക്കാർ പ്രവേശിച്ച് അത് മലിനമാക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ടാകുമെന്ന ന്യൂട്ടന്റെ ചലനനിയമം പോലെയാണിത്. ബിജെപിക്കാർ തങ്ങളുടെ നേരേ എറിയുന്നതിന് മുൻപ് തന്നെ തങ്ങളുടെ പ്രവർത്തകർ മുട്ട എറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam