
ന്യൂഡൽഹി: ഏകദേശം രണ്ട് വർഷം മുമ്പ് കാണാതായ എട്ട് വയസുകാരനെ അപ്രതീക്ഷിതമായി തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. ഡൽഹി സ്വദേശികളായ ദമ്പതികളുടെ മാനസിക വെല്ലുവിളി നേരിടുന്ന മകനെ 2023 ഫെബ്രുവരി 15നാണ് കാണാതായത്.
രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം 17ന് അമ്മ എൻഐഎ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. അന്ന് മുതൽ പൊലീസുകാർ കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നെന്ന് ഡൽഹി ഔട്ടർ നോർത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിധിൻ വൽസൻ പറഞ്ഞു. പരിസര പ്രദേശങ്ങളിലും ബസ് സ്റ്റേഷനുകളിലും റെയിൽവെ സ്റ്റേഷനുകളിലും ആശുപത്രികളിലും അഭയ കേന്ദ്രങ്ങളിലുമെല്ലാം അന്വേഷിച്ചെങ്കിലും കുട്ടിയെ കുറിച്ച് ഇക്കാലമത്രയും ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് ഗാസിയാബാദിലെ ഗോവിന്ദ് പുരത്തെ ഒരു സ്പെഷ്യലൈസ്‍ഡ് ദത്തെടുക്കൽ കേന്ദ്രത്തിൽ അധികൃതർ ഈ കുട്ടിയെ കണ്ടെത്തുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കളെ കാണിച്ചു. അവർ തിരിച്ചറിഞ്ഞതോടെ മറ്റ് നടപടികൾ കൂടി സ്വീകരിച്ച് കുട്ടിയെ അവർക്ക് കൈമാറുകയായിരുന്നു. കുട്ടിയുടെ ജന്മദിനമായ ഡിസംബർ മൂന്നാം തീയ്യതിയാണ് അവനെ അവിചാരിതമായി ഉദ്യോഗസ്ഥർ കണ്ടെത്തിയതും. പൊലീസുകാർക്കൊപ്പം കുട്ടി കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ക്ലിപ്പ് ഡൽഹി പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam