
ബെംഗളൂരു: സാങ്കേതിക തലസ്ഥാനത്ത് ഇപ്പോൾ വൈറൽ ചർച്ച പാൽ പാക്കറ്റ് കവർച്ചയാണ്. ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായ രണ്ട് പാൽ മോഷണ കേസുകൾ പോലീസുകാരെ വലച്ചിരിക്കുകയാണ്. വിതരണക്കാർ പാൽ പാക്കറ്റുകൾ ഉപഭോക്താക്കളുടെ വീടിനു മുന്നിൽ വച്ചിട്ടു പോകുന്ന സമയത്താണ് പാൽ മോഷണം നടക്കുന്നത്.
ആദ്യത്തെ സംഭവം നടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ കോണനകുണ്ടെ മെട്രോ സ്റ്റേഷന് സമീപമുള്ള മിൽക്ക് ബൂത്തിലാണ്. സ്‌കൂട്ടറിലെത്തിയ അക്രമികൾ ഒരു പെട്ടി പാൽ മോഷ്ടിച്ച് കടന്നുകളഞ്ഞു. ദിലീപിൻ്റെ റോഡരികിലുള്ള ബൂത്തിൽ നിന്നാണ് ഇത്തരത്തിൽ മോഷണം പോയത് എന്നുള്ളത് ശ്രദ്ധേയമാണ്. ദിലീപ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇരുചക്രവാഹനത്തിലെത്തിയ മൂവർ സംഘം പെട്ടി മോഷ്ടിച്ച് കടന്നുകളഞ്ഞു.
അപ്പോൾത്തന്നെ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഏകദേശം 1000 രൂപയോളം വിലവരുന്ന 15- 20 ലിറ്റർ പാലാണ് നഷ്ടപ്പെട്ടതെന്നാണ് ദിലീപ് പറയുന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും വാഹന രജിസ്ട്രേഷൻ നമ്പർ വ്യക്തമല്ല.
രണ്ടാമത്തെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ട് സ്ത്രീകൾ ഇന്ദിരാനഗറിലെ വസതികളുടെ ഗേറ്റിൽ തൂക്കിയിട്ടിരിക്കുന്ന ബാഗുകളിൽ നിന്ന് പാൽ പാക്കറ്റുകൾ മോഷ്ടിക്കുന്നത് സിസിടിവിയിൽ വ്യക്തമായി കാണാം. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. അതേ സമയം രണ്ട് സന്ദർഭങ്ങളിലും കൃത്യമായ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും എക്‌സിലൂടെ പ്രചരിക്കുന്ന വീഡിയോ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇന്ദിരാനഗർ പോലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം