
മൈസൂരു: മകൾ കാമുകനൊപ്പം ഒളിച്ചോടി. പിന്നാലെ ജീവനൊടുക്കി അച്ഛനും അമ്മയും സഹോദരിയും. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. തന്റെ സ്വത്ത് ഒളിച്ചോടിയ മൂത്ത മകൾക്ക് നൽകരുതെന്നും മൃതദേഹം മകളെ കാണിക്കരുതെന്നും സംസ്കാര ചടങ്ങിൽ മകൾ ഭാഗമാകരുതെന്ന് വ്യക്തമാക്കിയാണ് കുടുംബത്തിന്റെ കടുംകൈ. എച്ച്ഡി കോട്ടെ താലൂക്കിലെ ബുദനൂർ ഗ്രാമവാസികളായ 55കാരൻ മഹാദേവ സ്വാമി, ഭാര്യയും 45കാരിയുമായ മഞ്ജുള, മകളും 20കാരിയുമായ ഹർഷിത എന്നിവരാണ് ശനിയാഴ്ച ജീവനൊടുക്കിയത്. മഹാദേവ സ്വാമിയുടേയും മഞ്ജുളയുടേയും മൂത്ത മകൾ കാമുകനൊപ്പം വെള്ളിയാഴ്ച ഒളിച്ചോടിയിരുന്നു.
വിവരം മൂത്തമകൾ ഫോൺ ചെയ്ത് മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അപമാനം ഭയന്ന് കുടുംബത്തിലെ മറ്റാളുകൾ ജീവനൊടുക്കുകയായിരുന്നു. എച്ച് ഡി കോട്ടയിൽ നാല് ഏക്കർ കൃഷ് സ്ഥലമുള്ള 55 കാരൻ റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്നു ജോലി ചെയ്തിരുന്നത്. മൂത്ത മകൾക്ക് സുഹൃത്തിനോടുള്ള പ്രണയം വീട്ടുകാരോട് തുറന്ന് പറഞ്ഞിരുന്നെങ്കിലും 55കാരനും ഭാര്യയും എതിർത്തിരുന്നു. ഇതോടെയാണ് മകൾ ഒളിച്ചോടിയത്. ഇതിന് പിന്നാലെ ശനിയാഴ്ച പുലർച്ചയോടെ ഹെബ്ബാൾ അണക്കെട്ടിൽ ചാടി മരിക്കുകയായിരുന്നു. നാല് പേജ് നീളമുള്ള ആത്മഹത്യാ കുറിപ്പും കുടുംബത്തിൽ നിന്ന് കണ്ടെത്തി. എല്ലാ സ്വത്തുക്കളും സഹോദരന് നൽകണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് 55കാരന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്.
മകൾ ഒളിച്ചോടിയ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ കാണാതെ നടത്തിയ തെരച്ചിലിലാണ് അണക്കെട്ടിന് സമീപത്തായി ഇവരുടെ കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ തെരച്ചിലിൽ അണക്കെട്ടിന് സമീപത്തായി ഇവരുടെ ചെരിപ്പുകളും കണ്ടെത്തി. എച്ച്ഡി കോട്ടെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്താനായത്. ആത്മഹത്യ ചെയ്യും മുൻപ് കടം വാങ്ങിയവർക്കെല്ലാം 55കാരൻ പണം തിരികെ നൽകിയതായും വ്യക്തമായിട്ടുണ്ട്. 55കാരന്റെ നിർദ്ദേശം പിന്തുടർന്നുകൊണ്ട് സംസ്കാര ചടങ്ങുകൾ ഞായറാഴ്ച നടന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam