
കഡപ്പ: നേരിട്ടത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് വയോധിക ദമ്പതികൾ. ആന്ധ്ര പ്രദേശിലെ രാജുപാലത്താണ് സംഭവം. വെള്ളാല ഗ്രാമത്തിലെ ക്ഷേത്ര ദർശനത്തിന് ശേഷമാണ് വയോധികരായ ദമ്പതികൾ കുണ്ടു നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പെദ്ദമുഡിയം ഉപ്പലുരു ഗ്രാമവാസിയും 60 കാരനുമായ ഗോങ്കടി രാമസുബ്ബറെഡ്ഡിയെ പ്രദേശവാസികൾ രക്ഷിച്ചു. എന്നാൽ ഭാര്യയും 55കാരിയുമായ ഗൊങ്കടി നാഗമുനെമ്മയെ ഇനിയും കണ്ടെത്താനായിട്ടില്ല.
രാവിലെ 7 മണിയോടെ വെള്ളാലയിലെ ശ്രീ സഞ്ജീവരായ സ്വാമി ക്ഷേത്രം സന്ദർശിച്ച ശേഷമാണ് ഇവർ നദിക്കരയിലേക്ക് പോയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിരുന്ന ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് സംഭവത്തേക്കുറിച്ച് പൊലീസ് പ്രതികരിക്കുന്നത്. നദിക്കരയിലേക്ക് പോയ വയോധികർ വെള്ളത്തിലേക്ക് ചാടുന്നത് കണ്ട പ്രദേശവാസി നദിയിലേക്ക് ചാടി രാമസുബ്ബറെഡ്ഡിയെ കരയിലെത്തിച്ചു. എന്നാൽ ഈ സമയം കൊണ്ട് 55 കാരി ഒഴുക്കിൽപ്പെടുകയായിരുന്നു.
റവന്യൂ ഉദ്യോഗസ്ഥരുടെയും അഗ്നി രക്ഷാസംഘത്തിന്റെയും നേതൃത്വത്തില്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. താനും ഭാര്യയും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സന്ധിവേദന എന്നിവയുമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് രാമസുബ്ബറെഡ്ഡി പൊലീസിനോട് വിശദമാക്കിയത്. ബെംഗളൂരുവിലും ജമ്മലമഡുഗുവിലുമായി രണ്ട് ആണ്‍മക്കള്‍ ഉണ്ടായിരുന്നിട്ടും, ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദമ്പതികള്‍ വൈകാരികമായി തളര്‍ന്നിരുന്നുവെന്നും ഇയാൾ പൊലീസിനോട് വിശദമാക്കി. സംഭവത്തിൽ രാജുപാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam