ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട 'വിവാഹമോചിത'യുമായി 80കാരൻ പ്രണയത്തിലായി; 754 തവണയായി ആകെ നഷ്ടമായത് 9 കോടി രൂപ

Published : Aug 09, 2025, 10:53 AM IST
Elderly Man

Synopsis

മുംബൈയിൽ വയോധികനെ ഓൺലൈൻ പ്രണയക്കെണിയിൽ വീഴ്ത്തി 9 കോടി രൂപ തട്ടി

മുംബൈ: ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട 'സ്ത്രീ'യുമായി പ്രണയത്തിലായ 80 കാരന് നഷ്ടമായത് 9 കോടി രൂപ. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിൽ 734 തവണകളിലായി പണം തട്ടിയെടുത്തതിന് പിന്നിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൻ്റെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട് ദുരവസ്ഥയിലാണ് ഡി

ഏപ്രിൽ 2013 നും ജനുവരി 2025 നും ഇടയിലാണ് ഈ ഇടപാടുകളെല്ലാം നടന്നത്. കൈയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നപ്പോൾ മരുമകളുടെയും മകൻ്റെയും കൈയിൽ നിന്ന് കടമായി പണം വാങ്ങിയതോടെ മകന് തോന്നിയ സംശശമാണ് സംഭവം പൊലീസിൻ്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. താൻ വലിയ തട്ടിപ്പിന് ഇരയായെന്ന യാഥാർത്ഥ്യമറിഞ്ഞ വയോധികൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ശർവി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. വയോധികൻ ശർവിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചെങ്കിലും ഇത് സ്വീകരിക്കപ്പെട്ടില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം ശർവി വയോധികന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇവർ തമ്മിൽ മെസഞ്ചറിൽ തുടങ്ങിയ സംസാരം വാട്‌സ്ആപ്പിലേക്ക് നീണ്ടു. താനൊരു വിവാഹമോചിതയാണെന്നും രണ്ട് മക്കളുടെ അമ്മയാണെന്നും പറഞ്ഞ ശർവി, ദുരിത ജീവിതത്തിൻ്റെ കഥ പറഞ്ഞുതുടങ്ങിയതോടെ വയോധികൻ്റെ മനസുരുകി. കുട്ടികളുടെ രോഗം ചികിത്സിക്കാനെന്ന് പറഞ്ഞ് പല തവണയായി ശർവി വയോധികനിൽ നിന്ന് പണം വാങ്ങി. ഓരോ തവണയും പണത്തിനായി ഓരോ കാരണം പറഞ്ഞെങ്കിലും ലവലേശം സംശയിക്കാതെ വയോധികൻ പണമയച്ചു.

പിന്നീലെ കവിത എന്ന പേരിൽ ശർവിയുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തി മറ്റൊരു നമ്പറിൽ നിന്ന് വയോധികന് സന്ദേശങ്ങൾ ലഭിച്ചു. അശ്ലീല ദൃശ്യങ്ങളുൾപ്പെട്ട ഈ ചാറ്റിന് പിന്നാലെ രോഗബാധയുള്ള കുഞ്ഞിൻ്റെ ചികിത്സയ്ക്കായി പണം വേണമെന്ന് ആവശ്യമുയർന്നു. ശർവിയെ പോലെ കവിതയ്ക്കും വയോധികൻ പണം നൽകി. ശർവിയുടെ സഹോദരിയെന്ന് പരിചയപ്പെടുത്തി രംഗപ്രവേശം ചെയ്ത ദിനസായിരുന്നു പിന്നീട് വന്ന കഥാപാത്രം. ശർവി മരിച്ചുപോയെന്നും ആശുപത്രി ചെലവിന് പണമില്ലെന്നും പറഞ്ഞാണ് വയോധികനോട് ധനാഭ്യർത്ഥന നടത്തിയത്. വ്യാജ വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ട് കണ്ട് സത്യമാണെന്ന് വിശ്വസിച്ച ഇദ്ദേഹം പണവും നൽകി. പണം തിരികെ നൽകണമെന്ന് ദിനസിനോട് ആവശ്യപ്പെട്ടപ്പോൾ താൻ ആത്മഹത്യ ചെയ്യുമെന്നാണ് വയോധികന് ലഭിച്ച മറുപടി.

ദിനസിൻ്റെ ഫ്രണ്ടെന്ന് പരിചയപ്പെടുത്തി ജാസ്‌മിൻ എന്ന പേരിലാണ് അടുത്ത കഥാപാത്രം വന്നത്. അവർക്കും വയോധികൻ പണം നൽകി. രണ്ട് വർഷത്തിനിടെ 734 തവണകളിലായി 8.7 കോടി രൂപയാണ് ഈ തട്ടിപ്പുസംഘത്തിന് വയോധികൻ അയച്ചു നൽകിയത്. ഇതോടെ ഇദ്ദേഹത്തിൻ്റെ സമ്പാദ്യം കാലിയായി. പിന്നെയും പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതോടെ മരുമകളോട് 2 ലക്ഷവും മകനോട് അഞ്ച് ലക്ഷവും ഇദ്ദേഹം വായ്‌പയായി വാങ്ങി. സംശയം തോന്നിയ മകൻ അച്ഛനോട് വിവരങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തായത്.

പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ അവശനായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഡിമൻഷ്യ ബാധിതനെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് ആറിന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയോധികൻ പണമയച്ച അക്കൗണ്ട് നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാല് സ്ത്രീകളുടെ പേരുകളാണ് പൊലീസിന് ലഭിച്ചതെങ്കിലും എല്ലാം ഒരാളായിരിക്കുമെന്ന സംശയത്തിലാണ് പൊലീസ്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം