
ഷിംല: ഹിമാചൽ പ്രദേശിലെ ഒരേ സ്ത്രീയെ വിവാഹം കഴിച്ച രണ്ട് സഹോദരന്മാർ ഒടുവിൽ പ്രതികരണവുമായി രംഗത്ത്. വിമർശനം തങ്ങളെ ബാധിച്ചിട്ടില്ലെന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ഹട്ടി വംശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നുവെന്നും സഹോദരന്മാർ വ്യക്തമാക്കി.
തിൻഡോ കുടുംബത്തിലെ നേഗി സഹോദരന്മാരാണ് കൻഹട്ട് ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാനെ പരമ്പരാഗത ബഹുഭർതൃത്വ ആചാരമായ 'ജോഡിദാർ പ്രത' പ്രകാരം വിവാഹം കഴിച്ചത്. ഈ പാരമ്പര്യം തലമുറകളായി പിന്തുടരുന്നതാണെന്നും അത് തുടരുമെന്നും പ്രദീപ് നേഗി പറഞ്ഞു. 'ചിലർ സോഷ്യൽ മീഡിയയിൽ ഞങ്ങളെ അധിക്ഷേപിക്കുന്നത് എനിക്ക് പ്രശ്നമല്ല' എന്നാണ് പ്രദീപ് നേഗിയുടെ പ്രതികരണം. ഇത് അവരുടെ പ്രദേശത്ത് മാത്രമുള്ളതല്ലെന്നും ഉത്തരാഖണ്ഡിലെ ജൗൻസാർ - ബവാറിലും ഇതേ പാരമ്പര്യം പിന്തുടരുന്നുണ്ടെന്നും പ്രദീപ് നേഗി വിശദീകരിച്ചു.
ഈ വിവാഹം ആരുടെയും നിർബന്ധ പ്രകാരമല്ലെന്നും സ്വമനസ്സാലെ ആയിരുന്നുവെന്നും സഹോദരൻ കപിൽ നേഗി വിശദീകരിച്ചു. കുടുംബത്തിന്‍റെ പൂർണ പിന്തുണയോടെയാണ് വിവാഹം നടന്നതെന്നും കപിൽ വ്യക്തമാക്കി. വാർത്തകളിൽ ഇടം നേടാൻ വേണ്ടിയല്ല ഈ വിവാഹം കഴിച്ചതെന്നും കപിൽ പറഞ്ഞു.
"ഞങ്ങളുടെ പാരമ്പര്യങ്ങൾക്കും സംസ്കാരത്തിനും വേണ്ടി വാദിക്കുന്നത് തുടരും. ഞങ്ങളുടെ ആചാരങ്ങളുമായി പരിചയമില്ലാത്തവർ പല അഭിപ്രായങ്ങളും പറയുന്നു. എന്നാൽ ഞങ്ങളുടെ കുടുംബവും സമൂഹവും ഈ വിവാഹത്തിൽ സന്തുഷ്ടരാണ്. ഈ വിവാഹത്തിന്റെ ഏക ലക്ഷ്യം ഒരുമിച്ച് നിൽക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണ്. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ സംതൃപ്തരാണ്"- എന്നാണ് പ്രദീപ് പറഞ്ഞത്.
ജൂലൈ 12 ന് ആരംഭിച്ച വിവാഹ ചടങ്ങ് മൂന്ന് ദിവസം കൊണ്ടാണ് പൂർത്തിയായത്. നൃത്തവും പാട്ടുമെല്ലാം ചേർന്ന് വലിയ ആഘോഷമായിട്ടാണ് വിവാഹം നടത്തിയത്. പൂർവ്വിക സ്വത്ത് വിഭജിച്ച് പോകാതിരിക്കാനാണ് ഇത്തരമൊരു ആചാരമെന്ന് പറയപ്പെടുന്നു. ഈ വിവാഹങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ നിയമ പ്രകാരമുള്ള പിതാവായി മൂത്ത സഹോദരനെയാണ് അംഗീകരിക്കുക.