
ദില്ലി: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബർ 6,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബർ 14 നാണ്. വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടന സ്ഥാപനമാണെന്നും വോട്ടർപട്ടിക തയ്യാറാക്കലും,തെരഞ്ഞെടുപ്പ് നടത്തലും കമ്മീഷന്‍റെ കടമയാണ്. എസ്ഐആറിലൂടെ വോട്ടര്‍ പട്ടിക നവീകരിച്ചിരിച്ചു. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അന്തിമ പട്ടിക ലഭ്യമാക്കി. എല്ലാ രാഷ്ട്രീയപാർട്ടികളെയും നേരിട്ട് കണ്ടു. ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. ബിഹാർ തെരഞ്ഞെടുപ്പ് ഇക്കുറി കൂടുതൽ ലളിതമാക്കും. പരാതികളില്ലാതെ നടത്തും എന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
ഏറെ കോളിളക്കമുണ്ടാക്കിയ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിന്‍റെ തുടര്‍ന്നുള്ള ഗതിയില്‍ നിര്‍ണ്ണായകമാകും. ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൺര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പെങ്കില്‍ ഇത്തവണ ഒറ്റ ഘട്ടമായി നടത്തണമെന്നായിരുന്നു എന്‍ഡിഎയുടെ നിര്‍ദ്ദേശം. രണ്ട് ഘട്ടം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ദീപാവലിക്ക് ശേഷം നടക്കുന്ന ഛാഠ് പൂജ കൂടി കഴിഞ്ഞ് തെരഞ്ഞെടുപ്പ് മതിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനോടാവശ്യപ്പെട്ടിരിരുന്നത്.
കഴിഞ്ഞ തവണ ഒക്ടോബര്‍ 28 ന് തുടങ്ങി നവംബര്‍ പത്തിന് ഫലം പ്രഖ്യാപിക്കും വിധമായിരുന്നു ഷെഡ്യൂള്‍.56.93 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ജെഡിയു ബിജെപി സഹകരണത്തില്‍ എന്‍ഡിഎ അധികാരം പിടിച്ചു. പല കുറി ചാടി ഒടുവില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തില്‍ തുടരുമ്പോള്‍ പത്ത് വര്‍ഷമായി തുടരുന്ന ഭരണത്തിന്‍റെ വിലയിരുത്തലാകും ഇത്തവണത്തെ ജനവിധിയെന്നത് തീര്‍ച്ച.
ഭരണവിരുദ്ധ വികാരവും, നിതീഷ് കുമാറിന്‍റെ അനാരോഗ്യവുമൊക്കെ ചര്‍ച്ചയിലുള്ളപ്പോള്‍ പ്രാദേശിക വിഷയങ്ങള്‍ മാറ്റി പിടിച്ച് ഓപ്പറേഷന്‍ സിന്ദൂറിലെ വിജയവും, ജിഎസ്ടിയിലെ ഇളവുമൊക്കെ ആയുധമാക്കി ഇത്തവണയും കസേര ഉറപ്പിക്കാമെന്നാണ് എന്‍ഡിഎയുടെ കണക്ക് കൂട്ടല്‍. അതേ സമയം 68.5 ലക്ഷം പേരെ കടുംവെട്ടിലൂടെ ഒഴിവാക്കി വോട്ടര്‍ പട്ടിക പരിഷ്ക്കരിച്ച നടപടി ചോദ്യം ചെയ്ത് മഹാസഖ്യം കളം പിടിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയും, തേജസ്വിയാദവും ചേര്‍ന്ന് നടത്തിയ യാത്രയും, പിന്നീട് തേജസ്വി ഒറ്റക്ക് നടത്തിയ യാത്രയും ഇത്തവണത്തെ ജനവിധിയെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam