
തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്‍റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ലെന്നും സംഘപരിവാറിന്റെ വിഷലിപ്തമായ വർഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്. തൻ്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും അഭിഭാഷകൻ പ്രതികരിച്ചു.
കോടതിയില്‍ അറങ്ങേറിയ നാടകീയ സംഭവങ്ങളില്‍ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടര്‍ന്നു. നേരത്തെ ഒരു കേസ് പരിഗണിക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങളാണ് ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ബജാറാവുവിലെ ഏഴടി ഉയരമുള്ള വിഷ്ണുവിന്‍റെ വിഗ്രഹം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഒരു കേസ് കോടതിക്ക് മുമ്പില്‍ എത്തിയിരുന്നു. അപ്പോഴാണ് നിങ്ങളുടെ ദൈവത്തോട് പറയു എന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്. പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് ഇന്നുണ്ടായ സംഭവം കോടതി നടപടികളെ ബാധിച്ചിട്ടില്ല.
വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ എന്നും ആർഎസ്എസും അതിൻ്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിൻ്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയിൽ ഇന്നുണ്ടായത്. ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും എന്നും പിണറായി വിജയന്‍ പറഞ്ഞു.