Latest Videos

പണമടക്കം കടത്താന്‍ സാധ്യതയെന്ന് കണ്ട് ജാഗ്രത, രാഹുലിന്‍റെ ഹെലികോപ്റ്റര്‍ പരിശോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Web TeamFirst Published Apr 15, 2024, 6:40 PM IST
Highlights

മൈസൂരുവില്‍ നിന്ന് നീലഗിരി വഴി വയനാട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രാ മധ്യേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെലികോപ്റ്റര്‍ പരിശോധിച്ചത്.

ദില്ലി: പ്രതിപക്ഷ നേതാക്കളുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തുന്നതില്‍ പ്രതിഷേധം ശക്തം. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്ററുകളില്‍ കൂടി പരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, പണം കടത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധനയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. 

മൈസൂരുവില്‍ നിന്ന് നീലഗിരി വഴി വയനാട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രാ മധ്യേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെലികോപ്റ്റര്‍ പരിശോധിച്ചത്. നീലഗിരിയില്‍ അരമണിക്കൂറോളം നേരം പരിശോധന നടന്നു. ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി  പ്രചാരണത്തിനായി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലും പരിശോധന നടത്തിയിരുന്നു. രാഹുലിന്‍റെ ഹെലികോപ്റ്ററില്‍ പരിശോധന നടന്നതിന്  പിന്നാലെ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു. പ്രതിപക്ഷ നേതാക്കള്‍ സഞ്ചരിക്കുന്ന ഹെലികോപ്റ്ററുകള്‍ പരിശോധിക്കുന്ന ഉത്സാഹം മോദിയുടെയും അമിത് ഷയുടെയും ഹെലികോപ്റ്ററുകള്‍ കൂടി പരിശോധിക്കാന്‍ കാട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളെ അപമാനിക്കാനും, സംശയത്തിന്‍റെ നിഴലിലില്‍ നിര്‍ത്താനുമാണ് നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസും അപലപിച്ചു. 

എന്നാല്‍ പൊതു, സ്വകാര്യ ഹെലപാഡികളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. വോട്ടർമാരെ സ്വാധീനിക്കാനായി പണമടക്കമുള്ള വസ്തുക്കള്‍ കടത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജാഗ്രതയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയുടെയോ, അമിത് ഷായടക്കം പ്രചാരണത്തിനായി സഞ്ചരിക്കുന്ന മറ്റ് നേതാക്കളുടെയോ ഹെലികോപ്റ്ററുകളില്‍ പരിശോധന നടന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. 

click me!