കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; കമ്മീഷനും സര്‍ക്കാരും ഗുരുതര പ്രത്യാഘാതങ്ങളെ മുന്‍കൂട്ടികണ്ടില്ലെന്ന് കോടതി

By Web TeamFirst Published May 12, 2021, 5:18 PM IST
Highlights

ഉത്തര്‍ പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കൊവിഡ് 19 ആദ്യ തരംഗത്തില്‍ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത് നിയന്ത്രണാതീതമെന്നാണ് ഹൈക്കോടതി വിലയിരുത്തുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും കെവിഡ് കാലത്തെ തെരഞ്ഞെടുപ്പ് മൂലമുണ്ടാകുന്ന ഗുരുതര സ്ഥിതിയെ മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടെന്ന് അലഹബാദ് ഹൈക്കോടതി. ചില സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നല്‍കിയ അനുമതിക്കാണ് അലഹബാദ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ പ്രാന്ത പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ക്ലേശിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

കൊവിഡ് പരിശോധന നടത്താനോ ആവശ്യമായ ചികിത്സയ്ക്കോ അവസരം ലഭിക്കാതെ നിരവധി ആളുകളാണ് ഗ്രാമങ്ങളിലുള്ളതെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍ പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കൊവിഡ് 19 ആദ്യ തരംഗത്തില്‍ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത് നിയന്ത്രണാതീതമെന്നാണ് ഹൈക്കോടതി വിലയിരുത്തുന്നത്. ജസ്റ്റിസ് സിദ്ധാര്‍ത്ഥിന്‍റേതാണ് നിരീക്ഷണം. നിലവില്‍ കൊവിഡിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളോ സംവിധാനങ്ങളോ സംസ്ഥാനത്തിന് ഇല്ലെന്നും മെയ് പത്തിനിറങ്ങിയ ഉത്തരവില്‍ കോടതി വിശദമാക്കുന്നു.

ഗാസിയാബാദുകാരനായ ഒരു വ്യവസായിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 27 ലക്ഷം രൂപ നല്‍കിയിട്ടും ഫ്ലാറ്റിന്‍റെ കൈവശാവകാശം നല്‍കുന്നില്ലെന്ന പരാതിയിലാണ് വ്യവസായിക്കെതിരെ പൊലീസ് നടപടിക്ക് മുതിര്‍ന്നത്. ഇയാള്‍ക്ക് 2022 ജനുവരി മൂന്ന് വരെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജയിലുകളില്‍ കൊവിഡ് പശ്ചാത്തലത്തില്‍ തടവുകാരുടെ തിരക്കൊഴിവാക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം മുന്‍നിര്‍ത്തിയാണ് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!