
ലക്നൗ: കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിലെ ഗ്രാമങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഗ്രാമങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓക്സിജനും ആശുപത്രി കിടക്കകളും ലഭിക്കുക എന്നതാണ് ഗ്രാമപ്രദേശങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആരോഗ്യമേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും കൊറോണ വൈറസിൽ നിന്ന് രക്ഷിക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.
അത്തരമൊരു വിശ്വാസത്തിലാണ് കിഴക്കൻ ഉത്തർപ്രദേശിലെ മഹാരജ്ഗഞ്ച് ജില്ലയിലെ ഗൗൺറിയ ഗ്രാമവാസികൾ. കൊവിഡിൽ നിന്ന് രക്ഷ നേടാൻ ഒമ്പത് ദിവസത്തെ പ്രാർത്ഥനകളാണ് ഇവർ ആരംഭിച്ചിരിക്കുന്നത്. ഈ പ്രാർത്ഥനകൾ കൊറോണയിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുമെന്ന് ഇവർ ഉറച്ചുവിശ്വസിക്കുന്നു. ഈ ഗ്രാമത്തിലെ സ്ത്രീകളും പുരുഷൻമാരും വെള്ളവും പൂക്കളും നിറച്ച ചെറിയ കുടവുമായി നിന്നാണ് പ്രാർത്ഥിക്കുന്നത്. സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും ഗ്രാമാതിർത്തിയിലേക്ക് ഇവർ പോകും. ദുർഗാദേവിയോട് പ്രാർത്ഥിച്ചാൽ കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ കഴിയും എന്നാണ് ഇവരുടെ വിശ്വാസം.
''ഇത് അന്ധവിശ്വാസമല്ല, മറിച്ച് ദൈവം എല്ലാവരെയും ഏതെങ്കിലും അത്ഭുതം പ്രവർത്തിച്ച് ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുത്തും എന്ന വിശ്വാസമാണ്. ഇത് കൂടാതെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.'' ഗ്രാമമുഖ്യനായ ഭാരതി ദേവി പറഞ്ഞു. ഗൗൺറിയ മാത്രമല്ല, ഈ പ്രദേശത്തെ മിക്കവാറും എല്ലാ ഗ്രാമങ്ങളും പകർച്ചവ്യാധിയിൽ നിന്ന് രക്ഷ നേടാൻ ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുകയാണ്. മുമ്പും ഇത്തരം മഹാമാരികളിൽ നിന്ന് തങ്ങളെ രക്ഷിച്ചത് ഇത്തരം വിശ്വാസങ്ങളായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. അതേ സമയം സാമൂഹിക അകലം പാലിച്ചും ചിലർ മാസ്ക് ധരിച്ചുമാണ് ഇവർ പ്രാർത്ഥിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam