
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പ്രവർത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ ചർച്ചകൾ സജീവം. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. കോൺഗ്രസിൻ്റെ പരമോന്നത ഘടകമായ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് ശശി തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും. അതേസമയം എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച മത്സരം കാഴ്ച വച്ച ശശി തരൂരിനെ പ്രവർത്തകസമിതിയിലേക്ക് കൊണ്ടു വരുന്ന കാര്യത്തിൽ ഖർഗെ നെഹ്റു കുടുംബവുമായി ഇന്ന് ചർച്ച നടത്തിയേക്കും.
നാളെയാണ് എഐസിസി അധ്യക്ഷനായി മല്ലികാർജ്ജുൻ ഖർഗെ ചുമതലയേറ്റെടുക്കുന്നത്. പ്രവർത്തക സമിതിയുടെ പുനസംഘടനയും വരാനിരിക്കുന്ന പ്ലീനറി സമ്മേളനവുമാണ് സംഘടനയ്ക്ക് അകത്ത് ഖർഗെയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളികൾ. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളും ഇതിനിടയിൽ നടക്കും.
അതേസമയം മഹിളാ കോൺഗ്രസ് കേരള ഘടകത്തിൽ ഉടൻ പുനസംഘട നടക്കും. മഹിളാ കോൺഗ്രസ് പുനസംഘടനയ്ക്ക് ദേശീയ സമിതി അംഗീകാരം നൽകിയിട്ടുണ്ട്.. കമ്മിറ്റി അംഗങ്ങളുടെ എണ്ണം പകുതിയാക്കി കുറച്ചായിരിക്കും പുനസംഘടന നടത്തുക. അഞ്ച് ഘട്ടങ്ങളിലായി പുനസംഘടന നടത്താനാണ് തീരുമാനം. നിലവിലെ മഹിള കോൺഗ്രസ് അധ്യക്ഷയായ ജെബി മേത്തർ പദവിയിൽ തുടരാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam