
ദില്ലി: പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കി രാഷ്ട്രീയ പാർട്ടികൾ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിൻ്റെ പഞ്ചാബ് പ്രചാരണം ഇന്നും തുടരും. ആം ആദമി സർക്കാർ അധികാരത്തിൽ എത്തിയാൽ മൊഹല്ല ക്ലിനിക്കുകൾ നടപ്പാക്കുമെന്ന് കെജ്‍രിവാൾ പറഞ്ഞു. കൂടാതെ പുതിയ നികുതികൾ നടപ്പാക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെ മുതിർന്ന ബിജെപി നേതാവ് മദൻ മോഹൻ മിത്തൽ ശിരോമണി അകാലി ദളിൽ ചേർന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായുള്ള താര പ്രചാരകരെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, അമിത് ഷാ അടക്കം മുപ്പത് പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
പഞ്ചാബിലെ പോര്
നിയമസഭാ പോരാട്ടം കനക്കുന്ന പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്നാണ് ആകാംക്ഷ കൂടിവരികയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയോ പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവോ എന്ന ചോദ്യങ്ങളാണ് അരങ്ങിലുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ക്കാര്യം രാഹുൽ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരുടെ ആഗ്രഹം അനുസരിച്ച് തീരുമാനമുണ്ടാകുമെന്നാണ് മുൻ ദേശീയ അധ്യക്ഷൻ ട്വിറ്ററിൽ പങ്കുവച്ച അറിയിപ്പ്.
അതേസമയം പഞ്ചാബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലി സംബന്ധിച്ചുള്ള കല്ലുകടി സംസ്ഥാനത്ത് തുടരുകയാണ്. സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംപിമാര്‍ രാഹുലിന്‍റെ റാലിയിൽ പങ്കെടുത്തില്ല. മനീഷ് തിവാരി രവ്‌നീത് സിങ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, മുഹമ്മദ് സാദിഖ്, പ്രണീത് കൗര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് ജസ്ബിര്‍ സിങ് ഗില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണറിഞ്ഞത്. പിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam