വില്‍പനയില്‍ വന്‍ കുതിപ്പ്; രണ്ട് മാസത്തിനിടെ വിറ്റത് 3600 കോടിയുടെ ഇലക്ട്രല്‍ ബോണ്ടുകള്‍

By Web TeamFirst Published May 11, 2019, 1:20 PM IST
Highlights

മാര്‍ച്ചില്‍ 1365.69 കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ 65 ശതമാനം വര്‍ധിച്ച് 2256.37 കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റു.

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി പുറത്തിറക്കിയ ഇലക്ട്രല്‍ ബോണ്ടുകളുടെ വില്‍പനയില്‍ കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വന്‍കുതിപ്പുണ്ടായതായി കണക്കുകള്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 3600 കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റതായി വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് എസ്ബിഐ മറുപടി നല്‍കി.

മാര്‍ച്ചില്‍ 1365.69 കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ 65 ശതമാനം വര്‍ധിച്ച് 2256.37 കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റു. പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിഹാര്‍ ദര്‍വേ നല്‍കിയ അപേക്ഷയിലാണ് മറുപടി. 

എസ്ബിഐ കൊല്‍ക്കത്ത ബ്രാഞ്ച്(417.31 കോടി), ദില്ലി ഓഫിസ്(408.62 കോടി) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വിറ്റത്. 
2018 ജനുവരിയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കുന്നതിനായി ഇലക്ട്രല്‍ ബോണ്ടുകള്‍ പുറത്തിറക്കിയത്. സുതാര്യത ഉറപ്പുവരുത്താനും കള്ളപ്പണം തടയാനുമാണ് ബോണ്ടുകള്‍ പുറത്തിറക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍, പണം നല്‍കുന്ന ആളുകളുടെ വിവരങ്ങള്‍ ലഭ്യമാകില്ലെന്നതാണ് ഇലക്ട്രല്‍ ബോണ്ടുകളുടെ പ്രധാന പ്രശ്നമായി വിമര്‍ശകര്‍ ഉന്നയിച്ചത്. വിദേശ കമ്പനികള്‍ക്കും പണം സംഭാവനയായി നല്‍കാമെന്ന വ്യവസ്ഥയും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

2018ല്‍ ബിജെപിക്ക്  ഇലക്ട്രല്‍ ബോണ്ടുകളിലൂടെ 220 കോടി രൂപയാണ് ലഭിച്ചത്. പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതും ബിജെപിയായിരുന്നു. 

ഉറവിടം മറച്ചുവെച്ച് കോര്‍പറേറ്റുകള്‍ വന്‍തോതില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. 

click me!