നാടന്‍ വാറ്റ് കഴിച്ച് ഫിറ്റായി മയങ്ങി കാട്ടാനക്കൂട്ടം; ചെണ്ട കൊട്ടി ഉണര്‍ത്തി വനംവകുപ്പ്

By Web TeamFirst Published Nov 10, 2022, 6:05 PM IST
Highlights

ഒഡിഷയിലെ ഖെന്‍ജോര്‍ ജില്ലയിലെ ഷില്ലിപാഡ കശുമാവ് കാട്ടിനുള്ളിലാണ് അടിച്ച് കിറുങ്ങി ഉറങ്ങുന്ന നിലയില്‍ 24ഓളം കാട്ടാനകളെ കണ്ടെത്തിയത്. 

പ്രാദേശിക മദ്യം കഴിച്ച് ഫിറ്റായി കാട്ടാനക്കൂട്ടം. ചൊവ്വാഴ്ച ഒഡിഷയിലാണ് സംഭവം. പ്രാദേശികമായി തയ്യാറാക്കുന്ന മഹുവ എന്ന മദ്യം തയ്യാറാക്കാനായി കാട്ടിലേക്ക് കയറിയ ഗ്രാമവാസികളാണ് രഹസ്യമായി മദ്യം തയ്യാറാക്കുന്ന സ്ഥലം തങ്ങള്‍ക്ക് മുന്‍പ് കാട്ടാനകള്‍ റെയ്ഡ് ചെയ്ത് ഫിറ്റായത് കണ്ടെത്തിയത്. മഹുവയ്ക്ക് വീര്യം കൂട്ടാനായി ചില ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കി പുളിപ്പിച്ച് വച്ച കൂട്ട് അടക്കമാണ് കാട്ടാനക്കൂട്ടം അകത്താക്കിയത്. ഒഡിഷയിലെ ഖെന്‍ജോര്‍ ജില്ലയിലെ ഷില്ലിപാഡ കശുമാവ് കാട്ടിനുള്ളിലാണ് അടിച്ച് കിറുങ്ങി ഉറങ്ങുന്ന നിലയില്‍ 24ഓളം കാട്ടാനകളെ കണ്ടെത്തിയത്. 

'പടയപ്പ'യ്ക്ക് പ്രായമായി; നിരീക്ഷിക്കാന്‍ വനം വകുപ്പ് തീരുമാനം

വലിയ കുടങ്ങളിലായി പ്രാദേശിക മദ്യം പുളിപ്പിച്ച് വച്ചതിന് സമീപത്തായാണ് കാട്ടാനകളെ കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെയാണ് ഗ്രാമവാസികള്‍ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയത്. കുടങ്ങള്‍ പൊട്ടിയ നിലയിലും പുളിപ്പിച്ച വെള്ളം കാണാതായ നിലയിലുമാണ് ഇവിടമുണ്ടായിരുന്നതെന്ന് ഗ്രാമവാസികള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. പുളിപ്പിച്ച മദ്യം കഴിച്ചാവും കാട്ടാനകള്‍ മയങ്ങിപ്പോയതെന്നാണ് ഗ്രാമവാസിയായ നരിയ സേഥി പിടിഐയോട് പ്രതികരിച്ചത്. ശുദ്ധീകരിക്കാത്ത മദ്യമാണ് കാട്ടാനക്കൂട്ടം അകത്താക്കിയത്. കാട്ടാനകളെ ഉണര്‍ത്താന്‍ ശ്രമിച്ചിട്ട് ഫലം കണ്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

കരിക്ക് അകത്താക്കാനായി കാട്ടാന റോഡ് 'ബ്ലോക്ക്' ചെയ്തത് മണിക്കൂറുകള്‍; വീണ്ടും പടയപ്പയുടെ വിളയാട്ടം

ഇതോടെ വിവരം വനംവകുപ്പ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. പടാന വനം മേഖലയിലാണ് കാട്ടാനകളുള്ളത്. വനപാലകരെത്തി ചെണ്ട കൊട്ടി കാട്ടാനകളെ ഉണര്‍ത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമായിരുന്നു കാട്ടാനകള്‍ ഉണര്‍ന്നത്. മയക്കം വിട്ട കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടതായി വനംവകുപ്പ് ജീവനക്കാര്‍ വിശദമാക്കി. കാട്ടാനകള്‍ മദ്യം കഴിച്ച് മയങ്ങിയതാണോ അതോ സാധാരണ മയക്കമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

click me!