നിലനിൽപ്പിനുള്ള പോരാട്ടമെന്ന് തൊഴിലാളികൾ; കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഇന്ന് ദേശവ്യാപക പണിമുടക്ക്

Published : Aug 08, 2022, 02:41 AM IST
നിലനിൽപ്പിനുള്ള പോരാട്ടമെന്ന് തൊഴിലാളികൾ; കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഇന്ന് ദേശവ്യാപക പണിമുടക്ക്

Synopsis

ആവശ്യസേവനങ്ങൾക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തൂ. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം

തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക് ഇന്ന്. കേരളത്തിലും ആവശ്യസേവനങ്ങൾക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തൂ. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭം.

ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികൾ ഇന്ന് ഓഫീസുകളിലേക്ക് എത്തില്ല. കേരളത്തിലും വൈദ്യുതി  ഉത്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള ഓഫീസ് ജോലികൾ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങൾ മാത്രം ലഭ്യമാക്കും. സെക്ഷൻ ഓഫീസുകളും ഡിവിഷൻ ഓഫീസുകളും കേന്ദ്രീകരിച്ച് ധർണ സംഘടിപ്പിക്കും. ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കിൽ സമരം കടുപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണ ഏജൻസികൾക്ക് വൈദ്യുതി വിതരണ ലൈസൻസ് നൽകി, പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നാണ് തൊഴിലാളി സംഘടനകള്‍ വിമർശനം ഉന്നയിക്കുന്നത്.  പിടിച്ചുനിൽക്കാനാവാത്ത ഘട്ടത്തിലേക്ക് എത്തിയാൽ ചെറുകിടക്കാർക്കും കർഷകർക്കുമുള്ള താരിഫുകൾ ഉയർത്തേണ്ട അവസ്ഥയിലേക്ക് കെഎസിഇബിയും എത്തുമെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ സ്ഥിരമായി കാണുന്ന യൂണിയനുകളും ബോർഡും തമ്മിലുള്ള തൊഴുത്തിൽക്കുത്തിന്റെ ഭാഗമായുള്ള ചിതറിയ സമരമല്ല ഇത്തവണ നടക്കുന്നത്. തൊഴിലാളി യൂണിയനുകൾ ഒന്നിച്ചിറങ്ങുന്ന സമീപകാലത്തുണ്ടായ ഏറ്റവും വലിയ സമരമാണ് വൈദ്യുതി മേഖലയിൽ നാളെ നടക്കാനിരിക്കുന്നത്.  കേന്ദ്രം ഏറെക്കാലമായി നടപ്പാക്കാൻ വഴികൾ തേടുന്ന വൈദ്യുതി നിയമഭേദഗതി വർഷകാല സമ്മേളനത്തിൽ നാളെ പാർലമെന്‍റിലെത്തുന്നതാണ് സമര കാരണം.  

സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എസ്ടിയു, അങ്ങനെ ബിഎംഎസ് ഒഴികെയുള്ള സംഘടനകളെല്ലാം ചേർന്നാണ് നാളെ രാജ്യവ്യാപകമായി ജോലിയിൽ നിന്ന് വിട്ടുനിന്ന് സമരം ചെയ്യുന്നത്.  ദേശീയതലത്തിൽ രൂപം നൽകിയ നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനിയേഴ്സ് ആണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.  

ലൈൻ പൊട്ടി വീഴുന്നത് ഉദാഹരണമായെടുത്താൽ ഇത്തരം അത്യാഹിതങ്ങളുണ്ടാകുന്ന ഘട്ടങ്ങളിലൊഴികെ മറ്റൊന്നിനു വേണ്ടിയും നാളെ ജോലിക്കിറങ്ങുകയില്ലെന്നാണ് താഴെത്തട്ടിലെ ജീവനക്കാർ മുതൽ ഉദ്യോഗസ്ഥർ വരെ തീരുമാനിച്ചിരിക്കുന്നത്.  വൈദ്യുതി  ഉൽപ്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള  ഓഫീസ് ജോലികൾ എല്ലാം തടസ്സപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചുരുക്കം പറഞ്ഞാൽ വൈദ്യുതിമേഖല കേരളത്തിൽ നാളെ സ്തംഭിക്കുമെന്നർത്ഥം.

വൈദ്യുതി നിയമ ഭേദഗതി നാളെ പാർലമെന്‍റില്‍

തൊഴിലാളി സംഘടനകൾ എക്കാലവുമെതിർക്കുന്ന വൈദ്യുതി നിയമഭേദഗതി നാളെ പാർലമെന്റിൽ കൊണ്ടു വരുമെന്നാണ് എല്ലാ സൂചനകളും.  വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് കൂടി അവസരം നൽകുന്നതാണ് ബില്ലെന്നതാണ് യൂണിയനുകൾ ഉയർത്തുന്ന കാതലായ പ്രശ്നം. വിതരണാവകാശത്തിനായി മതിയായ രേഖകൾ സഹിതം സ്വകാര്യ കമ്പനികൾ അപേക്ഷിച്ചാൽ എതിർക്കുന്നതിന് റെഗുലേറ്ററി കമ്മിഷനും പരിമിതികളുണ്ട്.  

കേരളത്തിൽ നിലവിൽ പൊതുമേഖലാ കമ്പനിയായ  കെഎസ്ഇബിയാണ് വൈദ്യുതിവിതരണ രംഗത്തെ കുത്തക.  സ്വാഭാവികമായും സ്വകാര്യ വൈദ്യുത വിതരണ കമ്പനികളെത്തിയാൽ തുടക്കത്തിലെങ്കിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകി ഉപഭോക്താക്കളെ പിടിച്ചാൽ കെഎസ്ഇബിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും. സഞ്ചിത നഷ്ടവും വാർഷിക നഷ്ടവുമെല്ലാം ചേർന്ന് പിടിച്ചുനിൽക്കാൻ പാടുപെടുന്ന കെഎസ്ഇബിയുടെ കാൽച്ചുവട്ടിലെ മണ്ണ് കൂടുതലിളകും.  

നഗരമേഖലകളിലും വ്യാവസായിക ഉപഭോക്താക്കളിലും കൂടിയ നിരക്ക് ഈടാക്കി, ഗാർഹിക ഉപഭോക്താക്കൾക്കും ഇളവ് വേണ്ടവർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുകയാണ് ഇപ്പോൾ കെഎസ്ഇബി ചെയ്യുന്നത്.  ബില്ല് നടപ്പായി, നഗരമേഖലകളിൽ സ്വകാര്യ കമ്പനികൾ ആധിപത്യം സ്ഥാപിച്ചാൽ സ്വാഭാവികമായും സബ്സിഡി, ഇളവുകൾ ഉൾപ്പടെ എല്ലാം തകരുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

പരിഷ്കരണം വേണ്ടേ?

കാലങ്ങളായി നടത്തുന്ന പരിഷ്കരണത്തിനായുള്ള ശ്രമം ഉപേക്ഷിക്കണോയെന്നതാണ് അപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. വിതരണ മേഖലയിൽ മത്സരം കൊണ്ടു വരികയെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.  രാജ്യത്താകെയുള്ള സാഹചര്യം നോക്കുമ്പോൾ കൂടുതൽ മൂലധന നിക്ഷേപമെത്തി വൈദ്യുതി ശൃംഖല വിപുലീകരിക്കപ്പെടേണ്ടതുണ്ടെന്നത് സത്യമാണ്. പക്ഷെ അതിന് സ്വീകരിച്ച വഴിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേരളമാകട്ടെ  ഇതിനോടകം വൈദ്യുത കണക്റ്റിവിറ്റിയുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്.  ഈ ശൃംഖല ഇനി വരുന്ന സ്വകാര്യ കമ്പനികൾക്ക് മുതൽമുടക്കില്ലാതെ ഉപയോഗിക്കാനാകുമെന്നതാണ് സാഹചര്യം. പരിപാലനം, തുടർസേവനങ്ങൾ, ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തം, നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ട് പിളർത്തി ഒവൈസി, ആർഎസ്എസ് തട്ടകത്തിൽ മിന്നി മുസ്ലിം ലീഗ്
'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ