
ദില്ലി: എൻഡിഎയുമായി ഇടഞ്ഞു നിൽക്കുന്ന ജെഡിയു നേതാവ് നിതീഷ് കുമാർ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. സോണിയാ ഗാന്ധിയുമായും സംസാരിച്ചെന്നാണ് വിവരം. ഇതിന് പിന്നാലെ ജെഡിയു എംപിമാരുടെ യോഗവും നിതീഷ് കുമാർ വിളിച്ചിട്ടുണ്ട്. ഇവരെയെല്ലാം പാറ്റ്നയിലേക്ക് വിളിച്ചിട്ടുണ്ട്.
എൻഡിഎയുമായി ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങലെ ചൊല്ലി പിണങ്ങി നിൽക്കുകയാണ് നിതീഷ് കുമാർ. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു. യോഗം ബഹിഷ്ക്കരിച്ച അദ്ദേഹം ദില്ലിയിൽ നടന്ന യോഗത്തിലേക്ക് സംസ്ഥാനത്ത് നിന്ന് പകരം പ്രതിനിധിയെയും അയച്ചിരുന്നില്ല. ബിഹാറിലെ നിയമസഭാ മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേർന്ന ജനത ദര്‍ബാറില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപദി മുര്‍മ്മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് രാഷ്ട്രീയ വിഷയങ്ങളിലെ വിയോജിപ്പ് നിതീഷ് കുമാര്‍ രേഖപ്പെടുത്തിയിരുന്നു. അഗ്നിപഥടക്കം അടുത്തിടെ പോലും പല വിഷയങ്ങളിലും നിതീഷ് കുമാര്‍ എൻഡിഎ നിലപാടിനോട് വിയോജിച്ചിരുന്നു.
ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ബിജെപിയുമായി തുടരുന്ന അതൃപ്തിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാർ വിട്ടു നിന്നിരുന്നു.
ഓഗസ്റ്റ് പതിമൂന്ന് മുതല്‍ 15 വരെ ദേശീയ പതാക എല്ലാ വീടുകളിലും ഉയര്‍ത്തണമെന്ന തീരുമാനത്തിൽ, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അമിത് ഷാ വിളിച്ച യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതിരുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്‍റെ വിശദീകരണം. എന്നാല്‍ നിതീഷിന്റെ അസാന്നിധ്യത്തോട് ബിജെപി ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam