
പട്ന: ബീഹാറിൽ രണ്ടാഴ്ച്ചക്കിടെ മസ്തിഷ്ക്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്ന് ബീഹാർ സന്ദർശിച്ചു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
തെക്കൻ ബീഹാറിലെ മുസാഫർനഗറിലാണ് മസ്തിഷ്ക്കവീക്കം ബാധിച്ച് ഏറ്റവുമധികം കുട്ടികൾ മരിച്ചത്. 70 കുട്ടികൾ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും പതിനാല് പേർ കേജ്രിവാൾ ആശുപത്രിയിലും മരിച്ചു. രണ്ട് ആശുപത്രികളിലുമായി ഒൻപത് കുട്ടികൾ കൂടി ഇന്ന് മരിച്ചു. കടുത്ത ചൂട് കാരണമുണ്ടാകുന്ന നിര്‍ജലീകരണം ശരീരത്തിലെ പഞ്ചസാരയുടേയും മറ്റു ധാതുക്കളുടേയും അളവില്‍ കുറവ് വരുത്തുന്നതാവാം കുട്ടികളുടെ മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. രോഗബാധ തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് വിമർശനമുയരുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ബീഹാർ സന്ദർശിച്ചു.
പകർച്ചവ്യാധിയുടെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. വിദഗ്ധ ചികിത്സക്കും പഠനത്തിനുമായി എയിംസിൽ നിന്നുള്ള സംഘം ബീഹാറിൽ ക്യാംപ് ചെയ്യുന്നുണ്ട്. നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എൻസിഫിലൈറ്റിസ് സിൻഡ്രോം ബാധിച്ചത്. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് രോഗം കൂടുതൽ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയാന്‍ തുടങ്ങും. വിറയൽ, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടർന്നു പിടിക്കാൻ സാധ്യത. എന്നാല്‍ ഇത്തവണ വേനൽക്കാലത്താണ് ബിഹാറിൽ രോഗം പടർന്നിരിക്കുന്നത്.
ജാപ്പനീസ് എൻസിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ൽ തമിഴ്‍നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോൾ ബിഹാറിലും പടർന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാർ, ജാർഖണ്ഡ്, കർണാടക, മണിപ്പൂർ, മേഘാലയ, ത്രിപുര, തമിഴ്‍നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam