
ജമ്മു: ജമ്മു ശ്രീനഗർ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ജയ്ഷേ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര അതിര്‍ത്തിവഴി നുഴഞ്ഞുകയറിയവരായിരുന്നു നാലുപേരുമെന്ന് സൈന്യം അറിയിച്ചു.
പുലർച്ച 4:20 ഓടെയാണ് ദേശീയപാതയിലെ നഗ്രോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടൽ തുടങ്ങിയത്. ശ്രീനഗറിലേക്ക് ട്രക്കിൽ ഒളിച്ചു കടക്കുകയായിരുന്നു ഭീകരർ. ഇവരെ തിരിച്ചറിഞ്ഞതോടെ സൈന്യം ട്രക്ക് തടഞ്ഞു. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരസംഘത്തെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലാണ് കീഴ്പ്പെടുത്തിയത്.
സാംബ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞ കയറിവരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് തെരഞ്ഞെടുപ്പിന് നേരെ വിവധയിടങ്ങളിൽ ആക്രമണത്തിനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതിന് മുന്നോടിയായ വലിയ സുരക്ഷ ജമ്മു
കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് പതിനൊന്ന് എകെ 47 തോക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച് ട്രക്ക്
ഏറ്റുമുട്ടലിൽ പൂർണ്ണമായി തകർന്നു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സൈന്യവും ,സിആർപിഎഫും ജമ്മു കശ്മീർ പൊലീസും
സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
പുൽവാമയിൽ ഇന്നലെ സൈനിക വാഹനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ലക്ഷ്യംതെറ്റി ഗ്രനേഡ് റോഡിലാണ് പൊട്ടിത്തെറിച്ചത്. സൈനികരിൽ ചിലര്‍ക്ക് നിസാര പരിക്കേറ്റു. ഈ പ്രദേശത്തും ഭീകരര്‍ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam