കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന കേസ്: ദില്ലിയിലും യുപിയിലും ഇഡി റെയ്ഡ്

By Web TeamFirst Published Jul 3, 2021, 3:40 PM IST
Highlights

നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ എത്തിയതായി ഇഡി വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിരവധി രേഖകള്‍ പിടിച്ചെടുത്തതായും പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐയില്‍നിന്നും പണം ലഭിച്ചതായും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ദില്ലി: നിര്‍ബന്ധിതമായി കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി ആറിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ എത്തിയതായി ഇഡി വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിരവധി രേഖകള്‍ പിടിച്ചെടുത്തതായും പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐയില്‍നിന്നും പണം ലഭിച്ചതായും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പ്രധാനപ്രതി ഉമര്‍ ഗൗതമിന്റെയും അദ്ദേഹത്തിന്റെ സംഘടനകളുടെയും നേതൃത്വത്തിലാണ് കൂട്ടമതപരിവര്‍ത്തനം നടന്നതെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളായ മുഹമ്മദ് ഉമര്‍ ഗൗതം, സഹായി മുഫ്തി ഖാസി ജഹാംഗിര്‍ ഖാസ്മി എന്നിവരുടെ ദില്ലിയിലെ വസതിയിലും തിരച്ചില്‍ നടത്തി. ഉത്തര്‍പ്രദേശിലെ അല്‍ഹസന്‍ എജുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഗൈഡന്‍സ് എജുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവിടങ്ങളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

മതപരിവര്‍ത്തനത്തിന് ഐഎസ്‌ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘത്തെ യുപിയില്‍ പിടികൂടിയതായി റിപ്പോര്‍ട്ട്

മുഹമ്മദ് ഉമര്‍ ഗൗതം, സഹായി മുഫ്തി ഖാസി ജഹാംഗിര്‍ ഖാസ്മി എന്നിവരാണ് ഈ സംഘടനകളെല്ലാം നടത്തിയതെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് കൂട്ടമതപരിവര്‍ത്തനത്തില്‍ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന കേസെടുത്തത്. പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസ് ഇഡി രജിസ്റ്റര്‍ ചെയ്തു. ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും വാഗ്ദാനം നല്‍കി കൂട്ടമതപരിവര്‍ത്തനം നടത്തിയെന്നതാണ് കേസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!