
ചെന്നൈ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്‌കൂളും കോളേജുകളും തുറക്കാതായതോടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വരുമാന മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. പല അധ്യാപകരും മറ്റ് ജോലികളുമായി ഇറങ്ങുകയാണിപ്പോള്‍. അത്തരത്തിലൊരു എഞ്ചിനീയറിംഗ് പ്രൊഫസറുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മുറുക്കുണ്ടാക്കി വില്‍പന നടത്തിയാണ് ഈ അധ്യാപകൻ ഇപ്പോൾ ഉപജീവനത്തിന് പണം കണ്ടെത്തുന്നത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസറായിരുന്നു കൂടലൂര്‍ സ്വദേശിയായ ടി. മഹേശ്വരന്‍. കോളജിലെ കമ്പ്യൂട്ടർ സയന്‍സ് വിഭാഗം മേധാവി കൂടിയായിരുന്നു ഇദ്ദേഹം. കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ കോളേജ് അടച്ചു. പിന്നാലെ ശമ്പളം നൽകാനാകില്ലെന്ന് കോളേജ് അധികൃതർ മഹേശ്വരനെ അറിയിക്കുകയായിരുന്നു.
ഇതോടെ ജീവിതം വഴിമുട്ടി നിന്നപ്പോഴാണ് മുറുക്ക് വിറ്റ് ഉപജീവനം നടത്താമെന്ന് മഹേശ്വരൻ തീരുമാനിച്ചത്. സ്വദേശമായ നെയ്വേലിയിലാണ് ആറുവയസുകാരി മകളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ മഹേശ്വരന്‍ മുറുക്കുണ്ടാക്കി വില്‍ക്കുന്നത്. പ്രദേശത്തെ കടകളിലും മറ്റും മുറുക്കുണ്ടാക്കി വില്‍ക്കുന്നതിലൂടെ പ്രതിദിനം 500 രൂപ വരുമാനം ലഭിക്കുന്നുവെന്ന് മഹേശ്വരന്‍ പറയുന്നു.
ഉന്നത വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും മൂന്ന് പുതിയ വിദ്യാര്‍ത്ഥികളെ എത്തിച്ചാലേ ജോലിയില്‍ തുടരാനാകൂവെന്നാണ് കോളേജ് അധികൃതര്‍ ഇദ്ദേഹത്തോട് പറഞ്ഞുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ മറ്റൊരു കോളേജില്‍ ജോലി കിട്ടിയെങ്കിലും അവരും ഇതേ ആവശ്യമാണ് മുന്നോട്ടുവെച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam