
ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കാമുകിയുടെ കുടുംബം കൊലപ്പെടുത്തി.വിവാഹത്തെ കുറിച്ച് സംസാരിക്കാം എന്നു പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. ജ്യോതി ശ്രാവൺ സായ് എന്ന രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ജ്യോതി ശ്രാവൺ സായും 19കാരിയായ ശ്രീജയും പ്രണയത്തിലായിരുന്നു എന്നാണ് അമീൻപൂർ സർക്കിൾ ഇൻസ്പെക്ടർ നരേഷ് അറിയിച്ചത്. മൈസമ്മഗുഡയിലെ സെന്‍റ് പീറ്റേഴ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ജ്യോതി ശ്രാവൺ സായ്. ശ്രീജയുടെ കുടുംബം തുടക്കം മുതൽ ഈ ബന്ധത്തിന് എതിരായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ശ്രീജയുടെ മാതാപിതാക്കൾ ശ്രാവണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാൽ ശ്രാവണ്‍ എത്തിയ ഉടനെ, ശ്രീജയുടെ ബന്ധുക്കൾ ശ്രാവണിനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയിലും ശരീരമാകെയും അടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാലും വാരിയെല്ലുകളും ഒടിയുകയും ചെയ്തു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
അമീൻപൂർ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.ആരെല്ലാമാണ് വിദ്യാർത്ഥിയെ മർദിച്ചത് എന്ന അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. മാതാപിതാക്കൾക്ക് അല്ലാതെ മറ്റ് കുടുംബാംഗങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. നടന്നത് ദുരഭിമാനക്കൊലയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam