
ലുധിയാന: ബ്രിട്ടനിലെത്തിയ ശേഷം മുൻഭാര്യ ഫോൺ എടുത്തില്ലെന്ന് ആരോപിച്ച് ജീവനൊടുക്കി യുവാവ്. മുൻഭാര്യയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. ലുധിയാനയിലാണ് സംഭവം. കിരൺ ദീപ് കൗർ എന്ന യുവതിക്കും ഇവരുടെ മാതാപിതാക്കൾക്കുമെതിരെയാണ് ലുധിയാന പൊലീസ് കേസ് എടുത്തത്. ലുധിയാന സ്വദേശിയായ സുനിൽ കുമാർ എന്ന 24 കാരനാണ് ആത്മഹത്യ ചെയ്തത്. കിരൺ ദീപ് കൗർ 24 കാരനിൽ നിന്ന് വിവാഹ മോചനം നേടിയ ശേഷം മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ഇതിന് ശേഷം വിദ്യാർത്ഥി വിസയിൽ യുവതി ബ്രിട്ടനിലെത്തി. ഇതിന് ശേഷം യുവതി 24കാരന്റെ ഫോൺ വിളികൾക്ക് മറുപടി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു സുനിൽ കുമാർ ജീവനൊടുക്കിയത്. എന്നാൽ വിവാഹ മോചനവും പുനർ വിവാഹവും സുനിൽ കുമാറിന്റെ അറിവോടെ ആയിരുന്നുവെന്നും ബ്രിട്ടനിലെത്താനുള്ള എളുപ്പവഴിയായിരുന്നുവെന്നുമാണ് 24 കാരന്റെ കുടുംബം ആരോപിക്കുന്നത്.
ഈ വർഷം ഓഗസ്റ്റിലാണ് കിരൺദീപ് കൗർ ബ്രിട്ടനിലേക്ക് പോയത്. ഇതിന് ശേഷം യുവതി സുനിൽ കുമാറിന്റെ ഫോൺ വിളികൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകിയില്ല. ഇതോടെ യുവാവ് ഗാഡി തോഗാഡിലെ ഒരു കനാലിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവാവ് ജീവനൊടുക്കിയത്. സംഭവത്തിൽ ലുധിയാന പൊലീസ് ബഹാദൂർപൂർ ഗ്രാമവാസികളായ യുവതിയുടെ മാതാപിതാക്കൾക്ക് എതിരെയും കിരൺദീപ് കൗറിനെതിരെയുമാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തത്. സുനിൽ കുമാറിന്റെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്.
കിരൺദീപ് കൗറിന്റെ രണ്ടാം വിവാഹത്തിന് അടക്കം പങ്കെടുത്ത മകൻ മുൻ ഭാര്യ ഫോൺ എടുക്കാതെ വന്നതോടെ മനോവിഷമം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തുവെന്നാണ് സുനിൽകുമാറിന്റെ അമ്മയുടെ പരാതി. വഞ്ചന, ആത്മഹത്യാ പ്രേരണ, ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തിയാണ് യുവതി വിവാഹ മോചനം നേടിയതെന്നും വീണ്ടും വിവാഹിതയായതെന്നുമാണ് സുനിൽ കുമാറിന്റെ സഹോദരി ആരോപിക്കുന്നത്. മുൻഭാര്യയെ വിദേശത്തേക്ക് അയയ്ക്കാനായി 24കാരൻ ഭൂമി വിറ്റിരുന്നുവെന്നും ആരോപണമുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam