പദ്ധതി തയ്യാറാണ് സമയമാകുമ്പോള്‍ നടപടിയുണ്ടാകും; ഗില്‍ഗിത് ബലിസ്ഥാനേക്കുറിച്ച് മുന്‍ കരസേനാ മേധാവി വി കെ സിംഗ്

By Web TeamFirst Published May 10, 2020, 9:05 AM IST
Highlights

ഒരു ആക്രമണമുണ്ടാകുമ്പോള്‍ അവിടെയുള്ളവര്‍ക്ക് മാത്രമാണ് സംഭവിച്ച നാശനഷ്ടങ്ങളേക്കുറിച്ച് വ്യക്തമാകൂ. അതുകൊണ്ട് തന്നെ കശ്മീരിനേക്കുറിച്ച് പുറത്ത് നിന്നുള്ളവര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സര്‍ക്കാര്‍ എന്താണ് കശ്മീര്‍ വിഷയത്തില്‍ ചെയ്യേണ്ടതെന്ന് താന്‍ പറയില്ല. നടക്കേണ്ട കാര്യങ്ങള്‍ നടന്നുകൊള്ളുമെന്ന് വി കെ സിംഗ് 

ദില്ലി: കശ്മീര്‍ മുഴുവന്‍ ഇന്ത്യയുടെ സ്വന്തമാണ്. ഇതില്‍ എല്ലാമേഖലയും വരുമെന്നും മുന്‍ കരസേനാ മേധാവിയും ദേശീയ പാത റോഡ് ഗതാഗത മന്ത്രിയുമായ വി കെ സിംഗ്. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെയാണ് വി കെ സിംഗിന്‍റെ പ്രസ്താവന. സ്വന്തം രാജ്യത്തെ സാഹചര്യങ്ങള്‍ തന്നെ കൃത്യമായി നിയന്ത്രിക്കാന്‍ സാധിക്കാത്ത ഭരണാധികാരികളാണ് ഗില്‍ഗിത് ബലിസ്ഥാനിലെ തെരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നത്. പാകിസ്ഥാനിലെ  ജനങ്ങള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് സേനയാണെന്നും വികെ സിംഗ് പറഞ്ഞു. 

കശ്മീരില്‍ 12 വര്‍ഷമാണ് താന്‍ ചിലവിട്ടത്. ഒരു ആക്രമണമുണ്ടാകുമ്പോള്‍ അവിടെയുള്ളവര്‍ക്ക് മാത്രമാണ് സംഭവിച്ച നാശനഷ്ടങ്ങളേക്കുറിച്ച് വ്യക്തമാകൂ. അതുകൊണ്ട് തന്നെ കശ്മീരിനേക്കുറിച്ച് പുറത്ത് നിന്നുള്ളവര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സര്‍ക്കാര്‍ എന്താണ് കശ്മീര്‍ വിഷയത്തില്‍ ചെയ്യേണ്ടതെന്ന് താന്‍ പറയില്ല. നടക്കേണ്ട കാര്യങ്ങള്‍ നടന്നുകൊള്ളുമെന്ന് വി കെ സിംഗ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ഞങ്ങള്‍ ഇതാണ് ചെയ്യാന്‍ പോകുന്നത്, ഇതാണ് ചെയ്യേണ്ടത് എന്നൊന്നും നിങ്ങളോട് പറയില്ല. സമയമാകുമ്പോള്‍ അത് നടന്നുകൊള്ളുമെന്നും വി കെ സിംഗ് വ്യക്തമാക്കി. പദ്ധതി തയ്യാറാണ്. പറ്റിയ അവസരത്തില്‍ നടപടികള്‍ ഉണ്ടാവുമെന്നും വി കെ സിംഗ് പറയുന്നു. ഗില്‍ഗിത് ബലിസ്ഥാനും മുസാഫര്‍ബാദും കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജമ്മു കശ്മീര്‍ സബ് ഡിവിഷന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക് അധീന കശ്മീരിലുളള ഈ സ്ഥലങ്ങള്‍ കാലാവസ്ഥ വിഭാഗം ശ്രദ്ധിക്കുന്നുണ്ടെന്നും വി കെ സിംഗ് പറഞ്ഞു. ഈ മേഖലയിലെ വികസന നടപടികളുടെ ഉത്തരവാദിത്തം ദില്ലിക്കാണെന്നും വി കെ സിംഗ് പറയുന്നു. 

click me!