
ഈയിടെയായി അമിത് ഷായുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പരക്കുന്നുണ്ടായായിരുന്നു. മോദി ഗവണ്‍മെന്റിന്റെ ആദ്യ ഊഴത്തില്‍ നിന്ന് വിരുദ്ധമായി രണ്ടാമൂഴത്തില്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്ത് മന്ത്രിസഭയില്‍ ശക്തമായ സാന്നിധ്യമായി മാറിയ അമിത് ഷാ, കൊവിഡ് പകര്‍ച്ചവ്യാധി പോലൊരു നിര്‍ണായക ഘട്ടത്തില്‍ നിശബ്ദനായി പോയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
ഗുരുതരമായ എന്തോ രോഗം ബാധിച്ച് അമിത് ഷാ ചികിത്സയില്‍ ആണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. യാതൊരു സ്ഥിരീകരണവുമില്ലാത്ത വാര്‍ത്തകളാണ് പുറത്തുവന്നത്. ഇടയ്ക്ക് മാത്രമാണ് അമിത് ഷാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അമിത് ഷായുടെ പഴയതും പുതിയതുമായ ദൃശ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കാര്യമായ ഒരു ക്ഷീണം മുഖത്ത് നിഴലിച്ചിരുന്നതിനാല്‍ പ്രചാരണങ്ങള്‍ക്ക് ഏറെക്കുറെ വിശ്വാസ്യത ലഭിക്കുകയും ചെയ്തു.
ഒടുവില്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ടത് അത്യാവശ്യമാണെന്ന ഘട്ടത്തിലാണ് അദ്ദേഹം നീണ്ടൊരു വിശദീകരണക്കുറിപ്പെഴുതി ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അമിത് ഷായുടെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം.
'കഴിഞ്ഞ കുറേ ദിവസങ്ങളായി ചില മാന്യ സ്‌നേഹിതര്‍ എന്റെ ശാരീരികാരോഗ്യത്തെപ്പറ്റി സോഷ്യല്‍ മീഡിയ വഴി ചില അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട് എന്നറിഞ്ഞു. ചിലരാകട്ടെ ഞാനൊന്ന് മരിച്ചു കിട്ടാന്‍ വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടും ട്വീറ്റ് ചെയ്തതായറിഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി കൊവിഡ് മഹാമാരിയുമായി പോരാടിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥനായിരുന്നതുകൊണ്ടും അതിന്റെ തിരക്കില്‍ ആയിരുന്നതിനാലും ഈ കോലാഹലങ്ങള്‍ എന്റെ കണ്ണില്‍പ്പെട്ടിരുന്നില്ല. കുറച്ചു ദിവസം മുമ്പാണ് അതേപ്പറ്റി ഞാന്‍ അറിയുന്നത്. അന്ന് ഞാന്‍ ഈ കാല്പനിക വ്യാപാരങ്ങളില്‍ മുഴുകുന്നവര്‍ക്ക് അതുകൊണ്ടുണ്ടാകുന്ന മാനസികാനന്ദം നഷ്ടപ്പെടുത്തേണ്ടല്ലോ എന്ന് കരുതി പ്രതികരണത്തിനൊന്നും മുതിരാതിരുന്നതാണ്.
എന്നാല്‍, ഈ ദുഷ്പ്രചാരണങ്ങള്‍ എന്റെ അഭ്യുദയകാംക്ഷികളായ പാര്‍ട്ടി പ്രവര്‍ത്തകരുടെയും എന്റെ ബന്ധുജനങ്ങളുടെയും ഒക്കെ മനസ്സിനെ വിഷമിപ്പിച്ചിട്ടുണ്ട്. അവരില്‍ ചിലരെങ്കിലും കേട്ടുകേള്‍വിയുടെ പുറത്ത് എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നു ധരിച്ച് ആകെ ആശങ്കപ്പെട്ടിരിക്കുകയാണ്. ആ ആശങ്കകളും വിഷമങ്ങളും ഒന്നും എനിക്ക് കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. അതുകൊണ്ട്, ആ ആശങ്കകള്‍ അകറ്റാന്‍ വേണ്ടി 'യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും എന്നെ അലട്ടുന്നില്ല, ഞാന്‍ പൂര്‍ണാരോഗ്യവാനാണ്' എന്ന വസ്തുത സംശയലേശമെന്യേ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്.
ഒരാളുടെ ആരോഗ്യനിലയെപ്പറ്റി ഇങ്ങനെ പ്രചരിക്കുന്ന അപവാദങ്ങള്‍ അയാളുടെ ആരോഗ്യത്തെ കൂടുതല്‍ ബലപ്പെടുത്തും എന്നാണ് ഹിന്ദുമതത്തിലെ ഒരു വിശ്വാസം. എന്നാലും, ഇത്തരത്തിലുള്ള അനാവശ്യമായ അപവാദങ്ങള്‍ക്ക് സമയം പാഴാക്കുന്നവരോട് എനിക്ക് ഒരപേക്ഷയുണ്ട്. ദയവായി എന്നെ എന്റെ കടമകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ മുഴുകുകയും ചെയ്യുക.
എന്റെ ക്ഷേമമന്വേഷിക്കാന്‍ സന്മനസ്സു കാണിച്ച, എന്റെ ആരോഗ്യം ക്ഷയിച്ചു എന്ന് വിശ്വസിച്ചു കൊണ്ട് മനസാ സങ്കടപ്പെട്ട എന്റെ അഭ്യുദയകാംക്ഷികള്‍ക്കും, ബന്ധുജനങ്ങള്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒക്കെ എന്റെ ഹൃദയം നിറഞ്ഞ നന്ദി.
എന്റെ ആരോഗ്യാവസ്ഥയെപ്പറ്റി അപവാദം പറഞ്ഞുപരതിയവരോടും എനിക്ക് ഉള്ളില്‍ വിദ്വേഷമൊന്നുമില്ല. നിങ്ങള്‍ക്കും നന്ദി.
അമിത് ഷാ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam