കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ആവശ്യമില്ലെന്ന് ഐസിഎംആര്‍

By Web TeamFirst Published Dec 2, 2020, 10:33 AM IST
Highlights

25-30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാറിന്റെ പദ്ധതി. മുന്‍ഗണന നിശ്ചയിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്.
 

ദില്ലി: രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പെടുക്കേണ്ട ആവശ്യമില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കൊവിഡ് രോഗം ബാധിച്ചവര്‍ക്കും ഭേദമായവര്‍ക്കും വാക്‌സിന്‍ വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡോ. ഭാര്‍ഗവയും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ എന്നിവര്‍ പറഞ്ഞു. വാക്‌സിനേഷന് മുമ്പ് ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ട ആവശ്യമില്ലെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിരുന്നു.

രോഗവ്യാപനത്തിന്റെ ശൃംഖല തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യം. വാക്‌സിന്‍ നല്‍കേണ്ടവര്‍ക്ക് മാത്രം നല്‍കിയാല്‍ തന്നെ കൊവഡ് വ്യാപനം ഇല്ലാതാക്കാം. പിന്നെ എന്തിന് രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ട കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി ഭൂഷന്‍ പറഞ്ഞു. 25-30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാറിന്റെ പദ്ധതി. മുന്‍ഗണന നിശ്ചയിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്.

കൊവിഡ് ഭേദമായവരില്‍ ആന്റിബോഡീസ് ഉല്‍പാദിപ്പിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്നും ദി നാഷണല്‍ എക്‌സ്പര്‍ട്ട് ഗ്രൂപ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ആഗോളമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണെന്നും രോഗം ബാധിച്ചവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയാന്‍ പ്രതികൂലമായി ബാധിക്കില്ലെന്ന് തെളിവുകളുണ്ട്. ഇത് വാക്‌സിനേഷനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് കരുത്താകും.

വാക്‌സിന്‍ സംഭരണം, വിതരണം എന്നിവക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ട ആവശ്യകത ജനങ്ങളില്‍ ബോധവത്കരിക്കുന്നത് സര്‍ക്കാര്‍ തുടരണമെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു. വാക്‌സിനേഷന്‍ ആരംഭിച്ചാലും കൊവിഡ് വ്യാപനം ഇല്ലാതാക്കുന്നതിന് മാസ്‌ക് മുഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
 

click me!