
ബെംഗളൂരു: വൃക്ഷമാതാവ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തക സാലുമരട തിമ്മക്ക ബെംഗളൂരുവിൽ അന്തരിച്ചു. 114 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1911ൽ കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച തിമ്മക്ക, മരങ്ങൾ നട്ടുവളർത്തിയതിലൂടെയാണ് ശ്രദ്ധേയയായത്. കുഡൂർ-ഹൂളിക്കൽ സംസ്ഥാനപാതയിൽ 385 പേരാലുകളാണ് തിമ്മക്ക നട്ടുവളർത്തിയത്. മരങ്ങളെ മക്കളായ് കണ്ട് സ്നേഹിച്ചിരുന്ന തിമ്മക്കയെ രാജ്യം 2019ൽ പത്മശ്രീ പരുസ്കാരം നൽകി ആദരിച്ചിരുന്നു. അന്ന് ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചത് തിമ്മക്കയെ വാർത്തകളിൽ നിറച്ചിരുന്നു.