
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 90 ശതമാനം സീറ്റുകളിലും ജയിച്ച് എൻഡിഎ അധികാരം നിലനിർത്തുമെന്ന് ഉറപ്പായി. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആരും വിമർശിക്കാത്ത, എല്ലാവരും ഒരേപോലെ സന്തോഷിക്കുന്ന ഒരു വാർത്ത കൂടി പുറത്തുവരുന്നുണ്ട്. സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായി കൊലപാതകങ്ങളും റീ-പോളിങും നടക്കാത്ത ഒരു തെരഞ്ഞെടുപ്പ് എന്ന നേട്ടം കൂടി ഇത്തവണ വോട്ടെടുപ്പിൽ ഉണ്ടായി.
കഴിഞ്ഞ കാലങ്ങളിലെല്ലാം ബിഹാറിൽ തെരഞ്ഞെടുപ്പ് വലിയ സംഘർഷങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കും വേദിയാകാറുണ്ട്. അതിനാൽ തന്നെ റീ-പോളിങും പതിവായി നടക്കാറുണ്ട്. 1985 ൽ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ 63 പേരാണ് കൊല്ലപ്പെട്ടത്. അന്ന് 156 ബൂത്തുകളിൽ റീ-പോളിങ് നടന്നു. പിന്നീട് 1990 ൽ നടന്ന തെരഞ്ഞെടുപ്പിൽ 87 പേർ കൊല്ലപ്പെട്ടു. 1995 ലും അക്രമം തുടർന്നു. നാല് തവണയാണ് അന്ന് അക്രമ സംഭവങ്ങൾ കാരണം വോട്ടെടുപ്പ് മാറ്റിവച്ചത്. 2005 ൽ 660 ബൂത്തുകളിൽ സംഘർഷത്തെ തുടർന്ന് റീ-പോളിങ് നടത്തേണ്ടി വന്നു. ഇത്തവണ പക്ഷെ കാര്യമായ അനിഷ്ട സംഭവങ്ങളില്ലാത്തത് ജനത്തിനും പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഒപ്പം രാഷ്ട്രീയ കക്ഷികൾക്കും സന്തോഷം നൽകുന്നു.