
മസ്കറ്റ്: ഒമാനിൽ 20,000 പേരെ ലക്ഷ്യമിട്ട് സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ്. പ്രമേഹത്തിനെതിരെ കൂട്ടായ്മയായി ആരോഗ്യമന്ത്രാലയവും ബദർ അൽ സമാ ഗ്രൂപ്പും കൈകോർത്തു. ലോക പ്രമേഹദിനത്തോടനുബന്ധിച്ചാണ് ഇന്നും നാളെയും പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയവും ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസും ചേർന്നാണ് വിപുലമായ സൗജന്യ ദേശീയ പ്രമേഹ പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
രാജ്യത്തെ 122 കേന്ദ്രങ്ങളിലായി നവംബർ 14, 15 തീയതികളിൽ പരിശോധനാ ക്യാമ്പുകൾ നടക്കും. ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ബദർ അൽ സമാ ഹോസ്പിറ്റലുകളുടെ 14 ശാഖകളോടൊപ്പം മാളുകൾ, പാർക്കുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി തുറസ്സായ വേദികളിലും ക്യാമ്പുകൾ സംഘടിപ്പിക്കും. 20,000 പേരെ സൗജന്യമായി പ്രമേഹ പരിശോധനയ്ക്ക് വിധേയരാക്കുക എന്നതാണ് ഈ രാജ്യവ്യാപക ക്യാമ്പിന്റെ ലക്ഷ്യം.
പൊതുജനാരോഗ്യ ബോധവൽക്കരണ രംഗത്ത് മാനിൽ നടക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. ഈ വർഷത്തെ ലോക പ്രമേഹദിനത്തിന്റെ ആഗോള തീം "ഡയബറ്റിസ് ആന്‍ഡ് വെൽബീയിങ്' എന്നതാണ്. രക്തത്തിലെ പഞ്ചസാര പരിശോധന, വ്യക്തിഗത റിസ്‌ക് അസസ്മെന്റ്, വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ ഉപദേശം, വിലക്കുറവുള്ള ചികിത്സാ സൗകര്യങ്ങൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായുണ്ടാകും. പ്രമേഹത്തെക്കുറിച്ചുള്ള ദ്വിഭാഷാ വിദ്യാഭ്യാസ സാമഗ്രികളും വിതരണം ചെയ്യും.
മുൻകരുതലും പ്രാരംഭ രോഗനിർണയവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സംരംഭം ആരോഗ്യ മന്ത്രാലയത്തിന്‍റെ ദർശനവുമായി പൂർണ്ണമായും യോജിക്കുന്നതാണെന്ന് ഒമാൻ ആരോഗ്യമന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ അൽ മുസൽഹി പറഞ്ഞു. 600ലധികം ജീവനക്കാരുടെ പങ്കാളിത്തത്തോടെയും നൂറിലധികം കേന്ദ്രങ്ങളിലായി നടത്തുന്ന ക്യാമ്പുകൾ സമൂഹത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബദർ അൽ സമാ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലതീഫ് പറഞ്ഞു. സമൂഹത്തിന്‍റെ ആരോഗ്യ ഉന്നമനം ഞങ്ങളുടെ നൈതിക ഉത്തരവാദിത്വമാണെന്നും ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ശക്തിയെന്നും ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ് കൂട്ടിച്ചേർത്തു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 22717181 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി രജിസ്റ്റർ ചെയ്യാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam