Latest Videos

ഇപിഎഫ് പെൻഷൻ കേസ്: സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു

By Web TeamFirst Published Aug 24, 2021, 11:06 AM IST
Highlights

ആർ. സി ഗുപ്ത കേസിലെ മുൻവിധി പരിഗണിക്കേണ്ടി വരുമ്പോൾ മൂന്നംഗ ബെഞ്ച് തന്നെ വേണമെന്ന് കോടതി നിലപാടെടുത്തു 

ദില്ലി: ഇപിഎഫ് പെഷൻ കേസ് മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിന്‍റെയും ഇപിഎഫ്ഒടെയും എതിര്‍പ്പുകൾ തള്ളിയാണ് തീരുമാനം. മുൻ രണ്ടംഗ സുപ്രീംകോടതി വിധി കൂടി പരിശോധിക്കേണ്ട സാഹചര്യത്തിലാണ് തീരുമാനം. ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഇപിഎഫ് പെൻഷൻ കേസിനായി മൂന്നംഗ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം എടുത്തത്. 

ശമ്പളം എത്രയായാലും പരമാവധി ശമ്പളം 15,000 രൂപയായി കണക്കിയാണ് നിലവിൽ ഇപിഎഫ് പെൻഷൻ തീരുമാനിക്കുന്നത്. അതായത് 15,000 വരെ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് അവരുടെ ശമ്പളത്തിന് അനുസരിച്ചുള്ള പെൻഷൻ കിട്ടും. അതിന് മുകളിൽ ശമ്പളമുള്ള എല്ലാവര്‍ക്കും 15,000 രൂപയാണ് പെൻഷനായി കണക്കാക്കുന്ന പ്രതിമാസ ശമ്പളം. 2018 ഒക്ടോബറിൽ  ഇത്  റദ്ദാക്കിയ കേരള ഹൈക്കോടതി എത്ര ശമ്പളം കിട്ടുന്നോ അതിന് അനുസരിച്ചാണ് പെൻഷൻ നൽകേണ്ടതെന്ന്  വിധിച്ചു. രാജ്യത്തെ തൊഴിലാളികൾക്കും ജീവനക്കാര്‍ക്കും സന്തോഷം പകരുന്നതായിരുന്നു ആ തീരുമാനം. 

അതിനെതിരെ പ്രൊവിഡന്‍റ് ഫണ്ട്  ഓര്‍ഗനൈസേഷനും തൊഴിൽ മന്ത്രായലവും നൽകിയ ഹര്‍ജികൾ 2019 ഏപ്രിൽ മാസത്തിൽ സുപ്രീംകോടതി തള്ളുകയും ചെയ്തു. എന്നാൽ വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകുമെന്ന ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രവും ഇപിഎഫ്ഒവും കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധി ശരിവെച്ച തീരുമാനം സുപ്രീംകോടതി പുനഃപരിശോധിക്കുന്നത്.

കേരള ഹൈക്കോടതി വിധി 2016 ലെ ആര്‍.സി.ഗുപ്ത കേസിലെ സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്തായിരുന്നു. പെൻഷൻ ഫണ്ടിലേക്ക് പണം അടക്കുമ്പോഴുള്ള ശമ്പള പരിധിയെ കുറിച്ചായിരുന്നു ആ  വിധി. രണ്ടംഗ ബഞ്ചിന്‍റെ വിധിയായിരുന്നു അത്. ആ വിധി കൂടി ഇപ്പോഴത്തെ കേസിൽ പരിശോധിക്കേണ്ട സാഹചര്യത്തിലാണ് മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നത്. മൂന്നംഗ ബെഞ്ചിലേക്ക് കേസ് വിടാനുള്ള കോടതി തീരുമാനത്തെ ഇപിഎഫ്ഒയും കേന്ദ്രവും എതിര്‍ത്തെങ്കിലും ആ വാദങ്ങൾ കോടതി തള്ളി. ഇപ്പോഴത്തെ രണ്ട് ജഡ്ജിമാര്‍ക്കൊപ്പം മൂന്നമതൊരു ജഡ്ജിയെ കൂടി ഉൾപ്പെടുത്തുന്ന കാര്യം ചീഫ് ജസ്റ്റിസാണ് തീരുമാനിക്കേണ്ടത്. ആ തീരുമാനത്തിന് ശേഷമാകും ഇന്ന് കേസിലെ തുടര്‍ വാദം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!