
ബെംഗളൂരു: ഇപിഎഫ്ഒ (എംപ്ലോയീ പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ) സ്റ്റാഫ് ക്രഡിറ്റ് സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടന്ന 70 കോടിയുടെ തട്ടിപ്പ് കേസിൽ രണ്ട് പേർ ബെംഗളൂരുവിൽ പിടിയിൽ. സഹകരണ സൊസൈറ്റി സിഇഒ ഗോപി, ജീവനക്കാരിയായ ലക്ഷ്‌മി ജഗദീഷ് എന്നിവരാണ് പിടിയിലായത്. ഇപിഎഫ്ഒ ജീവനക്കാരുടെയും വിരമിച്ച നിക്ഷേപകരുടെയും വൻ നിക്ഷേപമുള്ള, 61 വർഷമായി പ്രവർത്തിക്കുന്ന സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്.
മൂന്ന് മാസം മുൻപ് വരെ സൊസൈറ്റിയിൽ നിന്ന് നിക്ഷേപകർക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നു. പിന്നീടിത് നിന്നു. ഇതിനിടെ ഇപിഎഫ്ഒ ജീവനക്കാരനായ ഒരാൾ സൊസൈറ്റിയിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. ഇതോടെയാണ് സൊസൈറ്റിയിൽ തട്ടിപ്പ് നടന്നുവെന്ന് സംശയം ബലപ്പെട്ടത്.
സൊസൈറ്റിയിലെ നിക്ഷേപത്തിൽ നിന്ന് വലിയ തുക കവർന്നതായി പിന്നീട് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിൽ മൂന്ന് കോടി രൂപ വായ്പയായാണ് അനുവദിച്ചിരുന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ നിരവധി ആഡംബര വാഹനങ്ങളടക്കം പൊലീസ് കണ്ടെടുത്തു. കേസിൽ മൂന്നാം പ്രതിയെന്ന് സംശയിക്കുന്ന അക്കൗണ്ടൻ്റ് ജഗദീഷ് ഇപ്പോഴും ഒളിവിലാണ്.