ബിജെപി നേതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് യുകെ പൗരനായ ഡോക്ടർ സംഗ്രം പട്ടീലിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിനാലാണ് ഇദ്ദേഹത്തിന് ഇന്ത്യ വിടാൻ അനുമതി നിഷേധിച്ചത്

മുംബൈ: ഇന്ത്യയിൽ നിന്ന് മടങ്ങാനിരിക്കെ വിദേശിയായ ഡോക്ടറെ വിമാനത്താവളത്തിൽ തടഞ്ഞു. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. യുകെ പൗരനായ ഇദ്ദേഹം ബിജെപി നേതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതാണ് നടപടിക്ക് കാരണമെന്നാണ് വിവരം. യുകെ പൗരനും ഡോക്ടറുമായ സംഗ്രം പട്ടീലിനെയാണ് തടഞ്ഞുവെച്ചത്. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ഇന്ത്യ വിടാൻ പാടില്ലെന്നാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടരിക്കുന്നത്.

ഇദ്ദേഹം ജനുവരി പത്തിനാണ് ഇന്ത്യയിലെത്തിയത്. അന്ന് 15 മണിക്കൂറോളം അദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും ജനുവരി 16 ന് വിളിപ്പിച്ചു. 7-8 മണിക്കൂറോളം നേരം പൊലീസ് ചോദ്യം ചെയ്യലും നടപടിക്രമങ്ങളുമായി ഇദ്ദേഹം സ്റ്റേഷനിൽ കഴിഞ്ഞു. ഇതിനെല്ലാം ശേഷം ഇന്നലെ യുകെയിലേക്ക് മടങ്ങാനിരിക്കെയാണ് വിമാനത്താവളത്തിൽ വച്ച് ഇദ്ദേഹത്തെ തടഞ്ഞത്.

ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനായിരുന്നു നേരത്തെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ്. എന്നാൽ ഇപ്പോൾ യുകെയിലേക്ക് മടങ്ങുന്നത് തടയാനാണ് നിർദേശിച്ചിരിക്കുന്നത്. പൊലീസ് നീക്കം തന്നെ മാനസികമായി സമ്മർദത്തിലാക്കാനാണെന്ന് സംഗ്രം പട്ടീൽ വിമർശിച്ചു. ഇദ്ദേഹത്തിനെതിരെ ബിഎൻഎസ് സെക്ഷൻ 353(2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. ബിജെപി പ്രവർത്തകനായ നിഖിൽ ബാമ്രെ നൽകിയ പരാതിയിലാണ് കേസെടുത്തത്. എൻഎം ജോഷി മാർഗ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപിയുടെ മുൻനിര നേതാക്കൾക്കും പാർട്ടിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നും സ്ത്രീത്വത്തെ അധിക്ഷേപിച്ചുവെന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.