
ദില്ലി: ആകാശത്തെ ആശങ്കയൊഴിയുന്നു. എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെതുടര്‍ന്ന് ഉയര്‍ന്ന ചാരവും പുകയും ഇന്ത്യൻ ആകാശത്തു നിന്ന് പൂർണമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങി. ചാരവും പുകയും നീങ്ങിയത് ഇന്ത്യയിലെ വിമാന സർവീസുകൾക്ക് ആശ്വാസമാകും. അതേസമയം, ജാഗ്രതയ്ക്കുള്ള ഡിജിസിഎ നിർദ്ദേശം തുടരും. എത്യോപ്യയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് കരിമേഘപടലം ഇന്ത്യൻ ആകാശത്തും വ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി 10:30 ഓടെ ചാരം മേഘങ്ങൾ നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കരിമേഘപടലം ഇന്ത്യയിലെത്തിയത്. രാജ്യത്തെ വിമാന സർവീസുകളെ മേഘപടലം സാരമായി ബാധിച്ചിരുന്നു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു ദില്ലിയിലെ വായു മലിനീകരണത്തെ ചാരം ബാധിച്ചില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലിനീകരണം ഇന്നലത്തെക്കാൾ കൂടിയിട്ടില്ലെന്നാണ് വിശദീകരണം.
12000 വർഷമായി നിർജീവം ആയിരുന്ന ഹെയ്ലി ഗബ്ബി അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ജനവാസം ഇല്ലാത്ത മേഖല ആയതിനാൽ ആൾ നാശമില്ല. എന്നാൽ, അഗ്നിപർവതത്തിന്‍റെ കരിയും പുകയും കിലോമീറ്ററുകൾ ഉയരത്തിലും ദൂരത്തിലും പരന്നത് ആശങ്കയുണ്ടാക്കി. ഇഥ് എത്യോപ്യൻ വ്യോമമേഖലയിലൂടെ പോകുന്ന വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചിരുന്നു. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കിയേക്കാം. അതിനാൽ ജാഗ്രത പാലിക്കാനാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് നിർദ്ദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ നേരത്തെ വാര്‍ത്താകുറിപ്പിറക്കിയിരുന്നു. പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കി പോകണമെന്നായിരുന്നു നിർദ്ദേശം.
ദില്ലിയിൽ നിന്ന് പുറപ്പെടേണ്ട രണ്ട് അന്താരാഷ്ട്ര വിമാന സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ദില്ലിയിൽ നിന്ന് ആംസ്റ്റഡാമിലേക്കും ആംസ്റ്റഡാമിൽ നിന്ന് ദില്ലിയിലേക്കുമുള്ള രണ്ട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരുന്നത്. കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള ഇന്‍ഡിഗോയുടെ വിമാനവും ജിദ്ദയിലേക്കുള്ള ആകാശ് എയര്‍ വിമാനവും റദ്ദാക്കിയിരുന്നു. ചാരവും പുകയും നീങ്ങിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണനിലയിലാകും. എത്യോപ്യയിൽ വടക്കൻ മേഖലയിലെ ഹയ്ലി ഗുബ്ബിയിൽ ഞായറാഴ്ചയാണ് അഗ്നിപര്‍വത സ്ഫോടനമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam