
അഹമ്മദാബാദ്: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കെട്ടിച്ചമച്ച കഥയുമായി രംഗത്തെത്തി. തൻ്റെ ഭാര്യ പാനി പൂരി കഴിക്കാൻ പുറത്തു പോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് പ്രതിയായ ഹിതേഷ് അസോദിയ പൊലീസിനോട് പറഞ്ഞത്. ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്നാണ് ഞെട്ടിക്കുന്ന ഒരു കൊലപാതക കേസ് പുറത്തുവന്നിരിക്കുന്നത്.
അതേ ദിവസം തന്നെ ക്രൂരമായി തലയിൽ പരിക്കേൽപ്പിച്ച നിലയിൽ ഒരു യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. രാജ്‌കോട്ടിലെ ഭഗവതിപറയിൽ താമസിക്കുന്ന ഹിതേഷിന്റെ ഭാര്യ, 33കാരിയായ സ്‌നേഹബെൻ അസോദിയയുടേതാണ് മൃതദേഹമെന്ന് വൈകാതെ തിരിച്ചറിഞ്ഞു. മണിക്കൂറുകൾക്കകം ഭാര്യയുടെ കൊലപാതകത്തിന് പിന്നിൽ ഹിതേഷാണ് എന്ന നിഗമത്തിൽ എത്താൻ പൊലീസിന് ചില തെളിവുകൾ ലഭിച്ചു. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് ഹിതേഷ് കുറ്റസമ്മതം നടത്തി.
ഭാര്യയുടെ സംശയവും വഴക്കുകളും കാരണം മാനസികമായി തകർന്നെന്നായിരുന്നു യുവാവിന്‍റെ ന്യായീകരണം. ജോലിസ്ഥലത്തായിരിക്കുമ്പോൾ പോലും പല തവണ വിളിക്കുകയും പലപ്പോഴും വഴക്കിടുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ദാമ്പത്യബന്ധം മൂന്ന് വർഷം പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ. തുടക്കം മുതൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് വിവരം. ഫാക്ടറിയിൽ ആണ് ഹിതേഷ് ജോലി ചെയ്തിരുന്നത്.
ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. എല്ലാ ദിവസവും രാവിലെ കുട്ടിയെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുപോയി ആക്കുകയും വൈകുന്നേരം തിരികെ കൂട്ടിക്കൊണ്ട് വരികയും ചെയ്തിരുന്നത് ഹിതേഷായിരുന്നു. ശനിയാഴ്ച വൈകുന്നേരം, പുറത്തുപോകാമെന്ന് പറഞ്ഞത് സ്‌നേഹ ഭർത്താവിനെ വിളിച്ച് ഓർമ്മിപ്പിച്ചു. ഇത് വഴക്കിലേക്ക് നയിച്ചു. അതിനുശേഷം ഹിതേഷ് ഒരു ഇരുമ്പു ദണ്ഡുമായി ജോലി സ്ഥലത്തു നിന്ന് നിന്ന് വീട്ടിലേക്ക് മടങ്ങി. തുടർന്ന് ഭാര്യയോട് അത്താഴം കഴിക്കാൻ പോകാമെന്ന് പറഞ്ഞു.
വീടിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് സ്കൂട്ടറിൽ സ്നേഹയേയും കൊണ്ട് ഹിതേഷ് പോയി. മൂത്രമൊഴിക്കാൻ പോകുന്നു എന്ന് നടിച്ച് അയാൾ വാഹനം നിർത്തി. ഇരുമ്പു വടി കൊണ്ട് പിന്നിൽ നിന്ന് സ്‌നേഹയെ ആക്രമിച്ചു. സ്‌നേഹ തൽക്ഷണം കുഴഞ്ഞുവീണ് മരിച്ചു. എന്നിട്ട് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഭാര്യ പാനി പൂരി കഴിക്കാൻ പോയെന്ന കള്ളക്കഥ ഹിതേഷ് മെനഞ്ഞു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam