ഇന്ത്യയിലായതുകൊണ്ട് തനിക്ക് ഒന്നും സംഭവിക്കില്ല; കൊവിഡ് അഭയകേന്ദ്രത്തിലെ അനുഭവവുമായി വിദേശ സഞ്ചാരി

By Web TeamFirst Published Apr 9, 2020, 8:49 PM IST
Highlights

സര്‍ക്കാരൊരുക്കിയ അഭയ കേന്ദ്രത്തില്‍ എത്തുന്നതിന് മുന്‍പ് വിമാനത്താവളത്തിലെ വെറും നിലത്തായിരുന്നു കിടന്നിരുന്നതെന്ന്  മരിയാനോ പറയുന്നു. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 4 വരെ വിമാനത്താവളത്തിലെ വെറും നിലത്തായിരുന്നു കിടന്നുറങ്ങിയതെന്ന് മരിയാനോ


മുംബൈ: ഹോളിവുഡ് ചിത്രത്തിലെ അനുഭവങ്ങള്‍ റിയല്‍ ലൈഫിലും കിട്ടിയതിന്‍റെ അമ്പരപ്പിലാണ് സ്പെയിനില്‍ നിന്നുള്ള ഈ അറുപത്തിയെട്ടുകാരന്‍. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി, അപ്രതീക്ഷിത ലോക്ക് ഡൌണിനേത്തുടര്‍ന്ന്  മരിയാനോ കാബ്രെറോ എന്ന സ്പെയിന്‍ സ്വദേശി മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് 12 ദിവസമാണ്. 2004ല്‍ പുറത്തിറങ്ങിയ ദ് ടെര്‍മിനല്‍ എന്ന സിനിമയിലെ നായകന്‍ ന്യൂയോര്‍ക്കിലെ വിമാനത്താവളത്തില്‍ കുടുങ്ങിയതിന് സമാനമായിരുന്നു ഈ വിരമിച്ച അധ്യാപകന്‍റെ അനുഭവവും. 

സര്‍ക്കാരൊരുക്കിയ അഭയ കേന്ദ്രത്തില്‍ എത്തുന്നതിന് മുന്‍പ് വിമാനത്താവളത്തിലെ വെറും നിലത്തായിരുന്നു കിടന്നിരുന്നതെന്ന്  മരിയാനോ പറയുന്നു. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 4 വരെ വിമാനത്താവളത്തിലെ വെറും നിലത്തായിരുന്നു കിടന്നുറങ്ങിയതെന്ന് മരിയാനോ എന്‍ടി ടിവിയോട് പറഞ്ഞു. ഡിസംബറിലാണ് മരിയാനോ ഇന്ത്യയിലെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കൊവിഡ് ക്യാംപിലാണ് മരിയാനോയുള്ളത്. വിനോദ സഞ്ചാരിയായാണ് ഇവിടെയെത്തിയത്. തനിക്ക് ഇവിടെ സുഹൃത്തുക്കളുമില്ല. എയര്‍പോര്‍ട്ടില്‍ നേരിട്ട അനുഭവത്തേക്കാള്‍ മികച്ചതാണ് കൊവിഡ് ക്യാംപിലെന്ന് മരിയാനോ പറയുന്നു. 

കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ സാധിച്ചുവെന്നും ലോക്ക് ഡൌണ്‍ കഴിയുന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ വിശദമാക്കിയതെന്നും മരിയാനോ പറയുന്നു. ക്യാംപിലെ സൌകര്യങ്ങളും മികച്ചതാണ്. ഭക്ഷണവും ബെഡും ക്യാംപില്‍ ലഭിക്കുന്നുണ്ട്. പൊലീസ് വളരെ സൌഹൃദപരമായാണ് ഇടപെടുന്നതെന്നും മരിയാനോ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയിലായതിനാല്‍ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും ഉറപ്പുണ്ടെന്ന് പറയുമ്പോള്‍ രാജ്യത്തെ ആരോഗ്യ മേഖലയ്ക്കുള്ള അംഗീകാരം കൂടിയാണത്. 

ചിത്രത്തിന് കടപ്പാട് എന്‍ടി ടിവി

click me!