
നോയ്ഡ: പാമ്പിന്റെ വിഷം കൊണ്ട് പാർട്ടി നടത്തിയ കേസിൽ പ്രശസ്ത യൂട്യൂബർ എൽവിഷ് യാദവിനും മറ്റ് എട്ട് പേർക്കുമെതിരെ നോയ്ഡ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തിൽ വിദേശത്തേക്ക് പാമ്പ് കടത്തിയതിനും പാർട്ടി നടത്തിയതിനും തെളിവുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മാർച്ച് 17ന് നോയിഡയിൽ നടന്ന പാർട്ടിയിൽ പാമ്പിന്റെ വിഷം ലഹരിയായി ഉപയോഗിച്ചതിനാണ് എൽവിഷ് യാദവ് അറസ്റ്റിലായത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും അഞ്ച് ദിവസത്തിന് ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് കേസിന്നാസ്പദമായ സംഭവം. നവംബർ 3 ന് നോയിഡയിലെ ബാങ്ക്വറ്റ് ഹാളിൽ നടത്തിയ പൊലീസ് റെയ്ഡിൽ നാല് പാമ്പാട്ടികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി പാർട്ടികൾക്കും വീഡിയോ ഷൂട്ടുകൾക്കായി എൽവിഷ് യാദവ് പാമ്പുകളെ ഉപയോഗിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആനിമൽ റെെറ്റ്സ് ഗ്രൂപ്പായ പിഎഫ്എ യാഥാർത്ഥ്യം കണ്ടെത്താനായി നടത്തിയ ശ്രമത്തിൽ അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകളേയും 20 മില്ലി പാമ്പ് വിഷവും ഉൾപ്പെടെ കണ്ടെത്തുകയായിരുന്നു. പാമ്പുകളേയും അവയുടെ വിഷവും ആവശ്യപ്പെട്ട് യാദവിനെ വിളിക്കുകയും പിന്നീട് ഫ്ലാറ്റിലെത്തി വാങ്ങാൻ യാദവ് നിർദേശിക്കുകയുമായിരുന്നു. ഫ്ലാറ്റിലെത്തിയ ഉടൻ പിഎഫ്എ സംഘാംഗം ഈ വിവരം ഉടൻ തന്നെ നോയിഡ പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും ശ്രദ്ധയിൽപെടുത്തി. സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് ഒമ്പത് പാമ്പുകളേയും വിഷവും പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
നേരത്തെ പൊലീസ് ചോദ്യം ചെയ്തപ്പോൾ യാദവ് എല്ലാ കുറ്റവും നിഷേധിച്ചിരുന്നു. കേസ് അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും ഒരു ശതമാനം പോലും ശരിയല്ലെന്നും യാദവ് പ്രതികരിച്ചിരുന്നു. മുഴുവൻ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രളയ കാലത്തെ ഹീറോ ജൈസൽ വീണ്ടും അറസ്റ്റിൽ : ഇത്തവണ പിടിയിലായത് സ്വർണം തട്ടിയ കേസിൽ
https://www.youtube.com/watch?v=Ko18SgceYX8