മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി; അഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണം ശരിവച്ചു

Published : Nov 07, 2022, 11:05 AM ISTUpdated : Nov 07, 2022, 12:32 PM IST
മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി; അഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണം ശരിവച്ചു

Synopsis

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്.

ദില്ലി: കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ഭരണഘടന ഭേദഗതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ  ഒഴിവാക്കിയതിനോട് വിയോജിച്ചു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.

കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്ത് ശതമാനം സംവരണം. അതിനാൽ അമ്പത് ശതാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. 

നിലവിൽ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. ഇതിനോട് യോജിച്ച ജസ്റ്റിസ് ബേല എം ത്രിവേദി ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം പാടുള്ളു എന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ചു. സാമ്പത്തിക പിന്നാക്ക അവസ്ഥയും മാനദണ്ഡമാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു.  ജസ്റ്റിസ് ജെബി പർദിവാലയും ഭൂരിപക്ഷ വിധിയോട് യോജിച്ചു. സാമ്പത്തിക സംവരണത്തോട് വിജോജിപ്പില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധി പ്രസ്താവത്തിൽ പറഞ്ഞു. എന്നാൽ എസ്‍സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതിൻ്റെ ആനൂകൂല്യം നല്‍കാത്തത് മൗലിക അവകാശ ലംഘനമാണ്. സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ അവരെയും കൊണ്ടുവരണം അതിനാൽ ഭരണഘടന ഭേഗദതിയിലെ രണ്ട് വകുപ്പുകൾ റദ്ദാക്കുന്നു എന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനോട് യോജിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് ഒടുവിൽ വ്യക്തമാക്കി.

മൂന്ന്-രണ്ട് എന്ന നിലയ്ക്ക് ഭൂരിപക്ഷ വിധിയിലൂടെ സാമ്പത്തിക സംവരണം സുപ്രീംകോടതി അംഗീകരിച്ചത് സർക്കാരിന് വിജയമായി. ബഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്നത് അസാധാരണമാണ്.

സുപ്രധാന നിരീക്ഷണവുമായി രണ്ട് ജഡ്ജിമാര്‍; സംവരണവ്യവസ്ഥയിൽ മാറ്റം ആലോചിക്കേണ്ട സമയമായി

ജസ്റ്റിസ് ദിനേശ് മഹേശ്വരി

  • 'സംവരണം എല്ലാ ദുർബല വിഭാഗങ്ങളെയും മുന്നോട്ട് കൊണ്ടുവരാൻ'
  • 'മുന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ല'
  • 'നിലവിൽ സംവരണമുള്ളവരെ ഒഴിവാക്കിയതും അംഗീകരിക്കുന്നു'
  • 'അമ്പതു ശതമാനത്തിനു മുകളിൽ പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയതും ശരി'

ജ. ബേല ത്രിവേദി

  • 'മുന്നോക്ക സംവരണം വിവേചനപരമല്ല'
  • 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിന് അവകാശം'
  • 'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പ്രത്യേക വിഭാഗമായി കണക്കാക്കാം '
  • 'ഇന്ത്യയിലെ ജാതിവ്യവസ്ഥ മാത്രമല്ല സംവരണത്തിന് അടിസ്ഥാനം'
  • 'സംവരണരീതി ആകെ പുനരവലോകനം ചെയ്യണം'

ജ. ജെ.ബി പർദിവാല

  • 'മുന്നോക്ക സംവരണത്തോട് യോജിപ്പ്'
  • 'സംവരണം അനിശ്ചിതകാലത്തേക്ക് തുടരരുത്'
  • 'സംവരണം  സ്ഥാപിത താൽപര്യത്തിന് വളംവെയ്ക്കരുത്'

ജ. യുയു ലളിത് , ജ. രവീന്ദ്ര ഭട്ട്  

  • 'സാമ്പത്തിക സംവരണത്തോട് വിയോജിപ്പില്ല '
  • 'എന്നാൽ, എസ് സി, എസ്ടി , ഒബിസി  വിഭാഗങ്ങളെ ഒഴിവാക്കിയത് ശരിയല്ല '
  • 'സാമ്പത്തിക പിന്നോക്കാവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നൽകണം '
  • 'ചിലരെ ഒഴിവാക്കിയത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന് വിരുദ്ധം ' 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'