
മുംബൈ: 2008 ലെ മാലേഗാവ് സ്‌ഫോടന കേസിൽ ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടന്നതായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുൻ ഉദ്യോഗസ്ഥന്റെ അവകാശവാദം തള്ളി കോടതി. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന മെഹിബൂബ് മുജാവറിന്റെ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടി പ്രതികലിലൊരാളായ സുധാകർ ദ്വിവേദിയുടെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് 1000 പേജുള്ള തന്റെ വിധിന്യായത്തിൽ പ്രത്യേക എൻഐഎ ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. മലേഗാവ് സ്ഫോടനക്കേസിൽ മുംബൈയിലെ ഒരു പ്രത്യേക കോടതി ഏഴ് പേരെ കുറ്റവിമുക്തരാക്കിയിരുന്നു.
ആർഎസ്‌എസിലെ ഒരു അംഗത്തെയും അറസ്റ്റ് ചെയ്യാൻ മുജാവറിനോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ഒളിവിൽ പോയ രണ്ട് പ്രതികളായ രാംജി കൽസാംഗ്രയെയും സന്ദീപ് ഡാംഗെയെയും കണ്ടെത്താൻ മാത്രമാണ് അദ്ദേഹത്തെ അയച്ചതെന്നും അന്നത്തെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി മോഹൻ കുൽക്കർണി മൊഴി നൽകി. ഇതോടെയാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളിയത്.
ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും കാവി ഭീകരത രാജ്യത്തുണ്ടെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന മുജാവർ അവകാശപ്പെട്ടിരുന്നു. എന്നാൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ ഭഗവതിന് ഒരു പങ്കും കണ്ടെത്താനാകാത്തതിനാൽ നിയമവിരുദ്ധ ഉത്തരവുകൾ അനുസരിക്കാൻ തയ്യാറായില്ലെന്നും മുജാവിർ പറഞ്ഞു.
എടിഎസ് അന്ന് എന്ത് അന്വേഷണമാണ് നടത്തിയതെന്നും എന്തിനാണെന്നും എനിക്ക് പറയാനാവില്ല. പക്ഷേ രാം കൽസംഗ്ര, സന്ദീപ് ഡാംഗെ, ദിലീപ് പട്ടീദാർ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് തുടങ്ങിയ വ്യക്തികളെക്കുറിച്ച് ചില രഹസ്യ ഉത്തരവുകൾ എനിക്ക് ലഭിച്ചു. ഉത്തരവുകൾ പാലിക്കാത്തതിനാൽ, എനിക്കെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്തു. എന്റെ 40 വർഷത്തെ കരിയർ നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആദ്യം എ.ടി.എസ് കേസ് അന്വേഷിച്ചെങ്കിലും പിന്നീട് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു.