
ബെംഗളൂരു: ബെംഗളൂരുവിലെ ജെപി നഗറിലെ വസതിയിൽ ദീപാവലി ആഘോഷിക്കാൻ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി വൈദ്യുതി മോഷ്ടിച്ചെന്ന് ആരോപണം. സംഭവത്തിൽ കുമാരസ്വാമിക്കെതിരെ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ഇലക്‌ട്രിസിറ്റി ആക്‌ട് (വൈദ്യുതി മോഷണം) പ്രകാരമാണ് കേസെടുത്തത്. കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയിലേക്ക് വൈദ്യുത തൂണിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് അലങ്കാര വിളക്കുകൾ പ്രകാശിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, വീട് അലങ്കരിക്കാൻ ചുമതലപ്പെടുത്തിയവർക്ക് സംഭവിച്ച തെറ്റാണെന്ന് കുമാരസ്വാമി പ്രതികരിച്ചു. വീടിന്റെ മീറ്റർ ബോർഡുമായി ബന്ധിപ്പിച്ച് സ്ഥിതിഗതികൾ ഉടൻ പരിഹരിച്ചതായി കുമാരസ്വാമി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ബെസ്‌കോം ഉദ്യോഗസ്ഥർ ചുമത്തിയ പിഴ നൽകാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ വിഷയം കോൺഗ്രസ് പെരുപ്പിച്ചു കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവത്തിൽ ബെസ്‌കോം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.
Read More.... ഡ്രസ് കോഡ് ഹിജാബിന് ബാധകമല്ല, വിമർശനത്തിന് പിന്നാലെ നിലപാട് മാറ്റി കർണാടക, മന്ത്രിയുടെ വിശദീകരണം
ഗാർഹിക കണക്ഷനുകൾക്കായി പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന സർക്കാരിന്റെ 'ഗൃഹജ്യോതി' പദ്ധതിക്ക് കുമാര സ്വാമി ഉടൻ അപേക്ഷിക്കണമെന്ന് കോൺഗ്രസ് പരിഹസിച്ചു. തന്റെ വീട് വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും അതേസമയം തന്നെ കർണാടക ഇരുട്ടിൽ തപ്പുകയാണെന്ന് ആരോപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ചോദിച്ചു. കുമാരസ്വാമി കർഷകർക്ക് വേണ്ടിയുള്ള വൈദ്യുതി മോഷ്ടിച്ചെന്നും സംസ്ഥാനം വരൾച്ചയെ അഭിമുഖീകരിക്കുമ്പോൾ ദീപാവലി ആഘോഷിക്കേണ്ടതിന്റെ ആവശ്യക എന്താണെന്നും കോൺഗ്രസ് ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam