അനുയായിയുടെ പിറന്നാൾ; നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഹൈവേയിൽ കേക്ക് മുറിച്ച് മുന്‍ എംഎല്‍എ

By Web TeamFirst Published Jun 8, 2020, 6:48 PM IST
Highlights

അതേസമയം, സംഭവം വിവാദമായതോടെ പ്രതികരണവുമായി പണ്ഡിറ്റ് രം​ഗത്തെത്തി. താന്‍ ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല ഇതെന്നും തന്നെ ഇഷ്ടപ്പെടുന്ന കുറച്ചാളുകള്‍ വളരെ അപ്രതീക്ഷിതമായി ചെയ്തതാണെന്നുമായിരുന്നു ഇദ്ദേഹം പ്രതികരിച്ചത്
 

ലഖ്‌നൗ: നിർദേശങ്ങൾ കാറ്റിൽപ്പറത്തി അനുയായിയുടെ പിറന്നാൾ ദിനത്തിൽ ഹൈവേയിൽ വച്ച് കേക്ക് മുറിച്ച് മുന്‍ എംഎല്‍എ. ഉത്തർപ്രദേശിലെ ദേബായിലെ സമാജ് വാദി പാർട്ടി മുൻ എംഎൽഎയായ ഗവാന്‍ ശര്‍മ ഗുഡ്ഡു പണ്ഡിറ്റാണ് കൊവിഡ് നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി അനുയായികളില്‍ ഒരാളുടെ ജന്മദിനം ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

നോയിഡയിലെ കസ്‌ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഹൈവേയില്‍ വെച്ചായിരുന്നു പിറന്നാൾ ആഘോഷം. കാറിന്റെ ബോണറ്റില്‍ കേക്ക് വെച്ച് മഴു കൊണ്ടാണ് പണ്ഡിറ്റ് കേക്ക് മുറിക്കുന്നത്. ചുറ്റും ആള്‍ക്കൂട്ടം ഉണ്ട്. ആരും മാസ്‌ക് ധരിക്കാത്തതും വീഡിയോയിൽ കാണാം.

അതേസമയം, സംഭവം വിവാദമായതോടെ പ്രതികരണവുമായി പണ്ഡിറ്റ് രം​ഗത്തെത്തി. താന്‍ ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല ഇതെന്നും തന്നെ ഇഷ്ടപ്പെടുന്ന കുറച്ചാളുകള്‍ വളരെ അപ്രതീക്ഷിതമായി ചെയ്തതാണെന്നുമായിരുന്നു ഇദ്ദേഹം പ്രതികരിച്ചത്.

"അമ്മായി അമ്മയുടെ  ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് നോയിഡയിലേക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. അതിനിടെയാണ് ചിലര്‍ വാഹനം തടഞ്ഞ് നിര്‍ത്തിയത്. കാറില്‍ നിന്ന് പുറത്തിറങ്ങി കാര്യം അന്വേഷിച്ചപ്പോള്‍ അനുയായികളില്‍ ഒരാളുടെ പിറന്നാള്‍ ആണെന്നും ഞാന്‍ കേക്ക് മുറിക്കണമെന്നും അവര്‍ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ വിട്ടില്ല. കൊവിഡ് സാഹചര്യമൊക്കെ അവരോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ അവര്‍ പറയുന്നത് കേള്‍ക്കേണ്ടി വന്നു. അങ്ങനെ സംഭവിച്ചതാണ്" പണ്ഡിറ്റ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

click me!