വിരമിച്ച് ഏഴുമാസത്തിന് ശേഷവും ഔദ്യോഗിക വസതിയൊഴിയാതെ സുപ്രീം കോടതി ജഡ്ജി

By Web TeamFirst Published Apr 28, 2021, 8:32 AM IST
Highlights

എതിര്‍പ്പുകൾ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുൾമുനയിൽ നിര്‍ത്തി പല കോടതി വിധികളും നടപ്പാക്കിയിട്ടുള്ള ജഡ്ജിയാണ് അരുണ്‍ കുമാര്‍ മിശ്ര. ഒരുമാസത്തിനകം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടതും അരുണ്‍ മിശ്രയായിരുന്നു.

ദില്ലി: സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചിട്ടും ഔദ്യോഗിക വസതിയൊഴിയാതെ മുന്‍ സുപ്രീം കോടതി ജഡ്ജി അരുണ്‍ കുമാര്‍ മിശ്ര. ദില്ലിയിലെ അക്ബര്‍ റോഡിലെ ഔദ്യോഗിക വസതിയാണ് വിരമിച്ച ശേഷവും അരുണ്‍ കുമാര്‍ മിശ്ര ഒഴിയാത്തത്. കുടുംബത്തില്‍ തുടര്‍ച്ചയായി സംഭവിച്ച ദുരന്തങ്ങളാണ് ഔദ്യോഗിക വസതി ഒഴിയുന്നതിലെ കാലതാമസത്തിന് കാരണം. വിരമിച്ച് ഏഴുമാസം പിന്നിട്ട ശേഷവും ഔദ്യോഗിക വസതിയിലാണ് അരുണ്‍ കുമാര്‍ മിശ്രയുള്ളത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച് ഒരുമാസത്തിന് ശേഷം വസതിയില്‍ നിന്ന് മാറണമെന്നിരിക്കെയാണ് ഇത്.

അരുണ്‍ കുമാര്‍ മിശ്രയുടെ കുടുംബത്തില്‍ തുടര്‍ച്ചയായി സംഭവിച്ച മരണങ്ങള്‍ ഭാര്യയുടെ അസുഖം തുടങ്ങിയവയാണ് വസതി മാറ്റത്തിന് വെല്ലുവിളിയായത്. അരുണ്‍ കുമാര്‍ മിശ്രയുടെ സഹോദരി ഭര്‍ത്താവ് മരിച്ചത് മിശ്ര വിരമിച്ചതിന് തൊട്ട് പിന്നാലെയാണ്. ഇതിന് പിന്നാലെ അടുത്ത ബന്ധുക്കളുടേതായി നാലുമരണമാണ് അരുണ്‍ കുമാര്‍ മിശ്രയുടെ കുടുംബത്തിലുണ്ടായത്. ഇതിന് പിന്നാലെ ഭാര്യയും ഭാര്യയുടെ അമ്മയും കൊവിഡ് ബാധിതരായി. മാര്‍ച്ച് 31 വരെ ഔദ്യോഗിക വസതി ഉപയോഗിക്കാന്‍ സുപ്രീം കോടതി അരുണ്‍ കുമാര്‍ മിശ്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

മിശ്രയുടെ ഭാര്യ മാര്‍ച്ചിലാണ് കൊവിഡ് ബാധിതയാവുന്നത്. അവര്‍ക്ക് ഇനിയും രോഗം ഭേദമായിട്ടില്ല. ക്വാറന്‍റൈന്‍ കാലഘട്ടം കണക്കിലെടുത്ത് ഏപ്രില്‍ 30 വരെ ഈ വസതിയില്‍ തുടരാന്‍ അനുമതി തേടിയിരിക്കുകയാണ് അരുണ്‍ മിശ്രയിപ്പോള്‍. വിരമിച്ചതിന് ശേഷം സര്‍ക്കാര്‍ പദവികളില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും ഭാര്യ രോഗവിമുക്തയാവുന്നതോടോ ഔദ്യോഗിക വസതിയൊഴിയുമെന്നുമാണ് അരുണ്‍ കുമാര്‍ മിശ്രയോട് അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചതോടെ വീട് ഒഴിഞ്ഞുകൊടുക്കുന്നത് സംബന്ധിച്ച് മിശ്രയ്ക്ക് സുപ്രീം കോടതി കത്ത് നല്‍കിയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

ആറ് വർഷത്തെ സേവനത്തിന് ശേഷം സുപ്രീം കോടതിയിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചത്. എതിര്‍പ്പുകൾ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുൾമുനയിൽ നിര്‍ത്തി പല കോടതി വിധികളും ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര നടപ്പാക്കിയിട്ടുണ്ട്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജില്‍ ക്രമവിരുദ്ധമായി നടത്തിയ 180 വിദ്യാര്‍ഥികളുടെ പ്രവേശനം മിശ്രയാണ് റദ്ദാക്കിയത്. ഒരുമാസത്തിനകം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടതും അരുണ്‍ കുമാര്‍ മിശ്രയായിരുന്നു. പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസിലടക്കം വിധി പ്രസ്താവിച്ചാണ് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര കാലാവധി പൂർത്തിയാക്കിയത്.

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!