
ദില്ലി: ദില്ലിയിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം ശബ്ദം കേട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊലീസ് പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച ശബ്ദമാണ് കേട്ടതെന്നാണ് പൊലീസിന്റെ അനുമാനം.
അതിനിടെ, ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടറെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെ കാൺപൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, ചെങ്കോട്ടയ്ക്കടുത്തെ മാർക്കറ്റിൽ ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലാണ് കൈപ്പത്തി കണ്ടെത്തിയത്.
ചെങ്കോട്ട സ്ഫോടനം നടത്തിയവർ പദ്ധതിയിട്ടത് സ്ഫോടന പരമ്പരയ്‍ക്കെന്ന് അന്വേഷണ സംഘം പറയുന്നു. ഒരേ സമയം 4 നഗരങ്ങളിൽ സ്ഫോടനത്തിനായിരുന്നു നീക്കം. സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയ വിനിമയം. അതിനിടെ സ്ഫോടനത്തിന് മുന്പ് രാം ലീല മൈതാനിക്ക് സമീപമുള്ള പള്ളിയിൽ ഉമർ എത്തിയതിന്റെ സിസിടിവി ചിത്രം പുറത്ത് വന്നു.
പ്രതികള്‍ ഉപയോഗിച്ചിരുന്ന മൂന്നാമത്തെ കാറിനായി തെരച്ചിൽ തുടരുകയാണ് പൊലീസ്. മാരുതി ബ്രെസ്സയാണ് മൂന്നാമത്തെ കാറെന്ന് നിഗമനം. നാല് കാറുകൾ പ്രതികൾ വാങ്ങിയതായാണ് സൂചന. വാഹനം കണ്ടെത്താനുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.