
ന്യൂയോർക്ക് : വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. 80-ാമത് യുഎൻ പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി ഉഭയകക്ഷി ചർച്ചകൾക്കായി ന്യൂയോർക്കിൽ എത്തിയതായിരുന്നു ഇരുവരും. ട്രംപ് ഭരണകൂടത്തിന്റെ എച്ച് 1 ബി വിസ, ഇന്ത്യക്ക് മേലുള്ള അധിക പിഴ താരിഫ് അടക്കം വിവാദങ്ങൾക്കിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചകൾക്കിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. നിലവിൽ ആശങ്ക ഉയർത്തുന്ന നിരവധി രാജ്യാന്തര, ഉഭയകക്ഷി വിഷയങ്ങൾ ചർച്ചയായെന്ന് എസ് ജയശങ്കർ മാർക്കോ റൂബിയോയുമായുള്ള ചർച്ചയ്ക്കു ശേഷം എക്സിൽ കുറിച്ചു. രാവിലെ ന്യൂയോർക്കിൽ വെച്ച് മാർക്കോ റൂബിയോയെ കണ്ടതിൽ സന്തോഷമുണ്ട്. ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഇരുരാജ്യങ്ങളും പങ്കുവെച്ചു. മുൻഗണനാ മേഖലകളിൽ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം ഇരുവരും അംഗീകരിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതേ സമയം, വ്യാപാര ചർച്ചകൾക്കായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് അമേരിക്കയിലെത്തും. യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവരും പിയൂഷ് ഗോയലുമായുള്ള ചർച്ചകളുടെ ഭാഗമാകും. നിലവിൽ 50 ശതമാനം അധിക തീരുവയാണ് ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയിരിക്കുന്നത്. എച്ച് 1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കിയ ഉയർത്തിയ നടപടിയും ഇന്ന് ചർച്ചയായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam