
ദില്ലി: അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മധ്യ ഡൽഹിയിലെ രാംനഗർ ഏരിയയിൽ ഗർഭിണിയായ യുവതിയെ കാമുകൻ പരസ്യമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ, രക്ഷപ്പെടാൻ ശ്രമിച്ച കാമുകനെ യുവതിയുടെ ഭർത്താവ് കീഴ്പ്പെടുത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
രണ്ട് പെൺമക്കളുടെ അമ്മയായ 22കാരി ശാലിനി ആണ് കൊല്ലപ്പെട്ട യുവതി. ഇവരുടെ ഭർത്താവും ഇ-റിക്ഷാ ഡ്രൈവറുമായ ആകാശ് (23) ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട കാമുകൻ ആഷു (34) അഥവാ ശൈലേന്ദ്ര ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ശാലിനി തൻ്റെ കുഞ്ഞിനെ ഗർഭം ധരിച്ചെന്നും, എന്നാൽ ഭർത്താവിനൊപ്പം ജീവിക്കാൻ അവർ തീരുമാനിച്ചതും ആഷുവിന് കടുത്ത പകയുണ്ടാക്കിയെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ആക്രമണം നടന്നത്. ശാലിനിയുടെ അമ്മയെ കാണാനായി ഖുതുബ് റോഡിൽ പോയതായിരുന്നു ശാലിനിയും ആകാശും. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ആഷു, ആകാശിനെ ലക്ഷ്യമാക്കി കത്തി വീശിയെങ്കിലും ഇയാൾ ഒഴിഞ്ഞുമാറി. എന്നാൽ, ഇ-റിക്ഷയിൽ ഇരുന്ന ശാലിനിയെ കണ്ട ആഷു, യുവതിയെ നിരവധി തവണ കുത്തി വീഴ്ത്തി. ഭാര്യയെ രക്ഷിക്കാൻ ആകാശ് ശ്രമിക്കുന്നതിനിടെ, ആകാശിനും കുത്തേറ്റു. എന്നാൽ പരിക്കുകൾക്കിടയിലും ആകാശ്, ആഷുവിനെ കീഴ്പ്പെടുത്തുകയും, അയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി കുത്തിക്കൊല്ലുകയുമായിരുന്നു.
ശാലിനിയുടെ സഹോദരൻ രോഹിത് ഉടൻതന്നെ ശാലിനിയെയും ഭർത്താവിനെയും ആശുപത്രിയിൽ എത്തിച്ചു. പൊലീസ് ആഷുവിനെയും അതേ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വെച്ച് ശാലിനിയും ആഷുവും മരണപ്പെട്ടു എന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആകാശിന് ആഴത്തിലുള്ള നിരവധി കുത്തേറ്റതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സെൻട്രൽ) നിധിൻ വത്സൻ പ്രസ്താവനയിൽ അറിയിച്ചു.
ശാലിനിയുടെ അമ്മ ഷീല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വർഷങ്ങൾക്കു മുമ്പ് ശാലിനിയും ആകാശും തമ്മിലുള്ള ബന്ധം വഷളായ സമയത്താണ് ശാലിനി ആഷുവുമായി അടുപ്പത്തിലായത്. കുറച്ചുകാലം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട്, ശാലിനിയും ആകാശും ഒത്തുചേർന്ന് തങ്ങളുടെ രണ്ട് കുട്ടികളോടുമൊപ്പം വീണ്ടും ജീവിക്കാൻ തുടങ്ങുകയായിരുന്നു.