
ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് മഴ കനക്കും. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ചെന്നൈ അടക്കം 16 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധിയാണ്. വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്
കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും ഡെൽറ്റ മേഖലയിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്നാട്ടിൽ മഴക്കെടുതിയിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. പുതുച്ചേരി, കടലൂർ, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയിൽ കനത്ത മഴ പെയ്തു. തെക്കൻ തമിഴ്‌നാട്, ഡെൽറ്റ ജില്ലകളിൽ മഴയുടെ ശക്തി ഇന്ന് കുറയാനിടയുണ്ട്. അതേസമയം വടക്കൻ തീരദേശ തമിഴ്‌നാട്ടിൽ മഴയുടെ തീവ്രത വർദ്ധിക്കാനിടയുണ്ട്. കഴിഞ്ഞ മണിക്കൂറുകളിൽ ചെന്നൈയുടെ ചില ഭാഗങ്ങളിൽ വ്യാപകമായി മഴ പെയ്യുന്നുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ട്രിച്ചി, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, വില്ലുപുരം, കടലൂർ, തഞ്ചാവൂർ, മയിലാടുതുറൈ, തിരുവാരൂർ, കല്ലുറിച്ചി, ശിവഗംഗ, കാരയ്ക്കൽ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. ചെന്നൈയിലും പെരമ്പല്ലൂരിലും സേലത്തും സ്കൂളുകൾക്ക് മാത്രം അവധിയാണ്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.